ഗോദറെജ് അപ്ലയൻസസ് 200 കോടിയുടെ വികസനത്തിന്

Posted on: June 17, 2016

Godrej-Appliances-Big

കൊച്ചി : ഗോദ്‌റെജ് അപ്ലയൻസസ് അവരുടെ മൊഹാലി, ഷിർവാൾ (പൂന) യൂണിറ്റുകളുടെ വികസനത്തിനായി 200 കോടി രൂപയുടെ നിക്ഷേപം നടത്തും. എയർ കണ്ടീഷ്ണർ, വാഷിംഗ് മെഷീൻ, റെഫ്രിജിറേറ്റർ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം.

വർധിച്ചുവരുന്ന ഡിമാൻഡ് നിറവേറ്റാനും കൂടുതൽ സ്ഥലത്തേക്കു കമ്പനിയുടെ സാന്നിധ്യം വളർത്താനുമാണ് ഈ വികസനം ലക്ഷ്യമിടുന്നതെന്ന് ഗോദറെജ് അപ്ലയൻസസ് ഇവിപിയും ബിസിനസ് ഹെഡുമായ കമൽ നന്ദി പറഞ്ഞു. ഇന്ത്യൻ രൂപകല്പനയുടേയും മാനുഫാക്ചറിംഗ് വൈദഗ്ധ്യത്തിന്റെയും മികവ് കാണിച്ചുകൊടുക്കുന്നതിനുള്ള ഒരവസരം കൂടിയായാണിതെന്നും നന്ദി കൂട്ടിച്ചേർത്തു.

ടെക്‌നോളജിയുടെ കാര്യത്തിലും ഗോദ്‌റെജ് പല നാഴികക്കല്ലുകളും പിന്നിട്ടു. ലോകത്തിലെ ആദ്യത്തെ സമ്പൂർണ ഗ്രീൻ എസി മാനുഫാക്ചറിംഗ് യൂണിറ്റ് ഗോദ്‌റെജിന്റേതാണ്. ബോട്ടം മൗണ്ട് ഫ്രീസർ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി കമ്പനിയുടെ ഷിർവാൾ യൂണിറ്റാണ്. കൂടാതെ ഇന്ത്യൻ അപ്ലയൻസസ് മേഖലയിൽ ഇന്ധനക്ഷമതയുള്ള ഉത്പന്നങ്ങളുടെ വിഭാഗത്തിൽ കമ്പനി നിരവധി നാഴികക്കല്ലുകളാണ് തീർത്തിട്ടുള്ളത്.

ആദ്യത്തെ ഗ്രീൻ എസി(2012), ആദ്യത്തെ ഗ്രീൻ റെഫ്രിജിറേറ്റർ (2001), ആദ്യത്തെ ഫൈവ് സ്റ്റാർ റെഫ്രിജിറേറ്റർ (2008), ആദ്യത്തെ ഇൻവേർട്ടർ എസി (2005),ആദ്യത്തെ സിക്‌സ് സ്റ്റാർ റെഫ്രിജിറേറ്റർ (2012), മ്യൂസിക് റെഫ്രിജിറേറ്റർ, ഡൈനാമിക് അക്വ പവർ കൺട്രോൾ ടെക്‌നോളജി, സ്റ്റീം മൈക്രോവേവ്, വാഷിംഗ് മെഷീനിൽ ഉപയോഗിക്കുന്ന ടിൽറ്റ് ഡ്രം ആൻ യു സോമിക് ടെക്‌നോളജി തുടങ്ങി നിരവധി ഒന്നാം സ്ഥാനങ്ങൾ കമ്പനിക്കുണ്ട്.