കേരളത്തിൽ സർവീസിനായി സീപ്ലെയിൻ എത്തി

Posted on: October 11, 2015

Seaplane-Quest-Kodiak-100-B

കൊച്ചി : കേരളത്തിലെ വിവിധ കേന്ദ്രങ്ങളെയും ലക്ഷദ്വീപിനെയും തമ്മിൽ ബന്ധിപ്പിച്ച് സർവീസ് നടത്താൻ സീപ്ലെയിൻ കൊച്ചിയിലെത്തി. ഇൻകെലിന്റെ സാമ്പത്തികസഹായത്തോടെ രണ്ട് സാങ്കേതിക വിദഗ്ധർ ആരംഭിച്ച സീബേർഡ് സീപ്ലെയിൻ പ്രൈവറ്റ് ലിമിറ്റഡാണ് കേരളത്തിലാദ്യമായി സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നത്.

സീബേർഡ് ആദ്യമായി വാങ്ങിയ ക്വസ്റ്റ് കൊഡിയാക്ക് 100 ആംഫിബിയൻ എന്ന പത്തു സീറ്റുള്ള വിമാനം വെള്ളിയാഴ്ചയാണ് കൊച്ചിയിലെത്തിയത്. നെടുമ്പാശേരി വിമാനത്താവളം ആസ്ഥാനമായിട്ടായിരിക്കും സർവീസ് നടത്തുക. സെപ്റ്റംബർ 27ന് അമേരിക്കയിലെ സൗത്ത് സെന്റ് പോൾ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട വിമാനത്തിലെ രണ്ട് പൈലറ്റുമാരും കൊച്ചി സ്വദേശികളാണ്. 80 മണിക്കൂർ നാല് ഭൂഖണ്ഡങ്ങളിലെ വിവിധ വിമാനത്താവളങ്ങൾ ബന്ധിപ്പിച്ച്  പരീക്ഷണപ്പറക്കൽ നടത്തിയശേഷമാണ് കൊച്ചിയിലെത്തിയത്. ഈ യാത്രയിൽ 50 ഡിഗ്രി മുതൽ -20 ഡിഗ്രി വരെയുള്ള താപനിലകളിൽ വിമാനം പരീക്ഷിച്ചു.

അമേരിക്കയിൽനിന്ന് പുറപ്പെട്ടശേഷം കാനഡയിലെ മൂന്നും ഗ്രീൻലാൻഡിലെ രണ്ടും ഐസ്‌ലാൻഡിലെ ഒന്നും വിമാനത്താവളങ്ങളിലിറങ്ങി ഇന്ധനം നിറച്ചു. തുടർന്ന് ഫറോവ ദ്വീപുകൾ, സ്‌കോട്ട്‌ലാൻഡ്, ഫ്രാൻസിലെ രണ്ട് വിമാനത്താവളങ്ങൾ ഗ്രീസ്, ഈജിപ്ത് എന്നിവിടങ്ങളിലെ ഓരോ നഗരം, സൗദി അറേബ്യയിലെ രണ്ടിടങ്ങൾ, ബഹ്‌റിൻ, ഒമാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ഇറങ്ങിയശേഷമാണ് കൊച്ചിയിലെത്തിയത്.

കമ്പനിയുടെ രണ്ടാമത്തെ വിമാനം ജലപ്പരപ്പിൽ ഇറങ്ങുന്നതിനുവേണ്ടിയുള്ള മാറ്റങ്ങൾ വരുത്തുന്നതിനായി അമേരിക്കയിലുണ്ട്. രണ്ടാമത്തെ വിമാനവും ഈ മാസം കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷ.