മഹാരാജാവിനു മൈസൂർ കണ്ണീരോടെ വിടനൽകി

Posted on: December 12, 2013

Mysore-Last-b

ഇന്നലെ അന്തരിച്ച മൈസൂർ മഹാരാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡെയാർക്കു മൈസൂർ കണ്ണീരോടെ വിടനൽകി. മൈസൂറിലെ അംബാ പാലസിൽ നിന്നും സംസ്‌കാരകർമ്മങ്ങൾ നടന്ന മനുവനിലേക്കു രാജകീയ ആചാരങ്ങളോടെയാണ് മഹാരാജാവിന്റെ ഭൗതികശരീരം സംവഹിക്കപ്പെട്ടത്. അഞ്ചു ദസറ ആനകളും മൈസൂർ പോലീസിന്റെ 13 കുതിരകളും സംസ്ഥാന പോലീസും വിലാപയാത്രയ്ക്കു അകമ്പടി സേവിച്ചു.

വിലാപയാത്രകടന്നുപോയ വീഥികളുടെ ഇരുവശത്തും ജനസഹസ്രങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട രാജാവിനെ ഒരു നോക്കു കാണാൻ തടിച്ചുകൂടിയിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. അക്ഷരാർത്ഥത്തിൽ മൈസൂർ ദുഖസാഗരമായി.

സൂര്യാസ്തമനത്തിനു മുമ്പ് മഹാരാജാവിന്റെ സഹോദരീ പുത്രൻ ചാടുരംഗ കന്തരാജ് അരസ് പട്ടടയിലേക്കു അഗ്നിപകർന്നു. പൂർണഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരചടങ്ങുകൾ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിസഭാംഗങ്ങൾ, മുൻ പ്രധാനമന്ത്രി ദേവഗൗഡ, മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുംപ്പെട്ട നിരവധി പേർ അന്ത്യകർമ്മങ്ങൾക്കു സാക്ഷ്യം വഹിച്ചു.

Mysore-d

ഉച്ചയ്ക്ക് 1.30 നാണ് മഹാരാജാവിന്റെ ഭൗതികശരീരം ബംഗലുരുവിൽ നിന്നും പോലീസ് അകമ്പടിയോടെ മൈസൂറിലെ അംബാ പാലസിൽ എത്തിച്ചത്. മൂന്നുമണി വരെ പൊതുദർശനത്തിനു വച്ച ശേഷം വിലാപയാത്ര ആരംഭിച്ചു. വോഡെയാർ രാജകുടുംബത്തിലെ അവസാന കണ്ണിയായ ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡെയാരോടുള്ള ആദരസൂചകമായി കർണാടകത്തിൽ ഇന്നലെ പൊതുഅവധിയും രണ്ടുദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിരുന്നു. മൈസൂർ പാലസിൽ സന്ദർശകരെ അനുവദിച്ചില്ല.