ടൈക്കോൺ കേരളയിൽ മെന്ററിംഗ് ക്ലിനിക്ക്

Posted on: December 7, 2013

Tiecon-Logo

ദ ഇൻഡസ് ഓൺട്രപ്രണേഴ്‌സ് (ടൈ) കേരള ചാപ്റ്റർ 13, 14 തീയതികളിലായി കൊച്ചി ലെ മെറിഡിയിൻ കൺവൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന ടൈക്കോൺ കേരള 2013ൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ നേരിടുന്ന പ്രധാനവെല്ലുവിളികൾക്കു പരിഹാരം കാണാനായി മെന്ററിംഗ് ക്ലിനിക്ക്, ബിസിനസ് പ്ലാൻ പിച്ച് ഫെസ്റ്റ് എന്നിവയൊരുക്കുന്നു.

മെന്ററിംഗിനും ബിസിനസ് പ്ലാൻ പിച്ചിനുമായി വ്യത്യസ്ത ട്രാക്കുകളുണ്ടാകുമെന്നു ടൈ കേരള പ്രസിഡന്റ് ജോൺ കെ. പോൾ അറിയിച്ചു. സംരംഭക രംഗത്തെയും നിക്ഷേപക രംഗത്തെയും പ്രമുഖരുമായും ബിസിനസ് കൺസൾട്ടന്റുമാരുമായും കോച്ചുകളുമായും പ്രശ്‌നങ്ങൾ ചർച്ച ചെയ്തു പരിഹാരം കാണാനുള്ള അവസരമാണു മെന്ററിംഗ് ക്ലിനിക്ക്. വിജയങ്ങൾ നേടിയ സംരംഭകനായ കെ. ഗണേഷ്, ഇന്ത്യ വാല്യൂ ഫണ്ട് അഡൈ്വസേഴ്‌സിലെ സുനിൽ തെക്കത്ത്, ഏണസ്റ്റ് ആൻഡ് യംങിലെ കെ.ടി. ചാണ്ടി എന്നീ മെന്റർമാർ ടൈക്കോൺ
കേരളയിൽ പങ്കെടുക്കും.

യുവസംരംഭകർക്കു വെഞ്ച്വർകാപ്പിറ്റലിസ്റ്റുകൾക്കും അനുഭവസമ്പന്നരായ നിക്ഷേപകർക്കും മുന്നിൽ ബിസിനസ് പ്ലാനുകൾ അവതരിപ്പിക്കാനുള്ള അവസരമാണ് പിച്ച് ഫെസ്റ്റ്. ലീഡ് ഏയ്ഞ്ചൽസിലെ സുഷാന്തോ മിത്ര, മുംബൈ ഏയ്ഞ്ചൽസ്, ബാംഗളൂർ ഏയ്ഞ്ചൽസ്, ഹൈദരാബാദ് ഏയ്ഞ്ചൽസ് തുടങ്ങി 30 പ്രമുഖർ പങ്കെടുക്കും.