കോട്ടയത്ത് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വർക്‌ഷോപ്പ്

Posted on: July 15, 2015

Mahindra-First-Choice-works

കൊച്ചി : പ്രമുഖ മൾട്ടിബ്രാൻഡ് കാർ സർവീസ് വർക് ഷോപ്പ് ശൃംഖലയായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് സർവീസസ് അവരുടെ ആദ്യ ഫ്രാഞ്ചൈസി ഓൺഡ് ഫ്രാഞ്ചൈസി ഓപ്പറേറ്റഡ് വർക് ഷോപ്പ്  കോട്ടയം നാട്ടകത്ത് തുറന്നു. മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് സർവീസസ് സി ഇ ഓ വൈ വി എസ് വിജയ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ശൃംഖലയിലെ 66 -ാമത് വർക് ഷോപ്പാണിത്.

കാർ സർവീസ് രംഗത്ത് തങ്ങൾക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും പ്രാദേശികമായി കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രേരിപ്പിക്കുന്നത് അതാണെന്നും വിജയ് കുമാർ പറഞ്ഞു. കോട്ടയത്ത് ജിയോ മോട്ടോഴ്‌സുമായി ചേർന്നാണ് സർവീസ് കേന്ദ്രം തുറന്നത്. അടുത്ത സാമ്പത്തിക വർഷത്തോടെ രാജ്യത്തുടനീളമായി 200 ൽ അധികം ഫ്രാഞ്ചൈസി വർക്‌ഷോപ്പുകൾ തുറക്കാനാണ് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് ലക്ഷ്യമിട്ടിട്ടുള്ളത്. 2016 മാർച്ചോടെ സംസ്ഥാനത്ത് 15 മൾട്ടിബ്രാൻഡ് കാർ വർക്‌ഷോപ്പുകളും ലക്ഷ്യമിട്ടിട്ടുണ്ട്.

2008 ൽ മൾട്ടിബ്രാൻഡ് വർക്‌ഷോപ്പ് രംഗത്തേക്ക് കടന്നതിനുശേഷം ഇതിനോടകം 290,000 കാറുകളുടെ സർവീസ് നടത്താനായെന്ന് കമ്പനി അറിയിച്ചു. കമ്പനി നേരിട്ട് നടത്തുന്ന 23 വർക് ഷോപ്പുകൾ അടക്കം 66 വർക് ഷോപ്പുകളാണ് ഇപ്പോഴുള്ളത്. 2018 ഓടെ ഇത് 500 ആയി ഉയർത്തുകയാണ് ലക്ഷ്യം. അടുത്ത അഞ്ചുവർഷത്തിനകം 250 കോടിയുടെ മുതൽ മുടക്കാണ് ഈ രംഗത്ത് ലക്ഷ്യമിടുന്നത്.

സ്‌പെയർ പാർട്‌സ് വിതരണം സുഗമമാക്കാൻ 40 വെയർ ഹൗസുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. അംഗീകൃത സർവീസ് സെന്ററുകളെ അപേക്ഷിച്ച് 10 മുതൽ 20 ശതമാനം വരെ ലാഭമാണ് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് ഉപഭോക്താക്കൾക്ക് നല്കുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു. ജിയോ മോട്ടോഴ്‌സ് പ്രതിനിധി ഷിബു ജോർജും പങ്കെടുത്തു.