മൈപാക്കോയും ആലിബാബ ഡോട്ട്‌കോമും ധാരണയിൽ

Posted on: June 10, 2015

Alibaba-Group-big

കൊച്ചി : ആലിബാബ ഡോട്ട് കോമിന്റെ ട്രേഡ് ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനങ്ങളുടെ ഭാഗമായി സമഗ്ര ലോജിസ്റ്റിക് സേവനങ്ങൾ ലഭ്യമാക്കാൻ മൈപാക്കോയും ആലിബാബയും സഹകരിക്കും. സാമ്പത്തിക സേവനങ്ങൾ, വായ്പകൾ, ലോജിസ്റ്റിക് എന്നീ മേഖലകളിൽ ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കാനാണ് ട്രേഡ് ഫെസിലിറ്റേഷൻ സെന്ററുകളിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ നിന്നുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ആഗോള തലത്തിൽ ബിസിനസ് വ്യാപിപ്പിക്കാനും ആലിബാബ ഡോട്ട്‌കോമിന്റെ ട്രേഡ് ഫെസിലിറ്റേഷൻ സെന്റർ സഹായിക്കും. എല്ലാവിധ ലോജിസ്റ്റിക് സേവനങ്ങളും ലഭ്യമാക്കുന്ന മുംബൈ അടിസ്ഥാനമായുള്ള വൺ സ്റ്റോപ് ലോജിസ്റ്റിക് സേവന ദാതാവാണ് മൈപാക്കോ. ആലിബാബ ട്രേഡ് ഫെസിലിറ്റേഷൻ സെന്ററിന്റെ പാർട്ട്ണർ എന്ന നിലയിൽ മൈപാക്കോ ഫ്രൈറ്റ് ഫോർവേഡിങ്ങ്, കസ്റ്റംസ് ക്ലിയറൻസ്, ഡോക്യൂമെന്റേഷൻ, വെയർഹൗസിംഗ്, ട്രാൻസ്‌പോർട്ടേഷൻ തുടങ്ങിയ സേവനങ്ങൾ ട്രേഡ് ഫെസിലിറ്റേഷൻ സെന്റർ വഴി ലഭ്യമാക്കും.

ഇന്ത്യയ്ക്ക് അകത്തും പുറത്തും ബിസിനസ് വികസിപ്പിക്കാനുള്ള സൗകര്യമായിരിക്കും ഈ സഹകരണത്തിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കു ലഭ്യമാക്കാനാവുകയെന്ന് ആലിബാബ ഡോട്ട്‌കോമിന്റെ ചാനൽസ് ഡയറക്ടർ ഭൂഷൺ പാട്ടിൽ പറഞ്ഞു. ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭകർക്ക് തങ്ങളുടെ ബിസിനസ് സൗകര്യപ്രദമാക്കാനുള്ള വലിയൊരു ചുവടുവയ്പ്പാണ് ട്രേഡ് ഫെസിലിറ്റേഷൻ സെന്ററെന്ന് മൈപാക്കോയുടെ സഹ സ്ഥാപകനും സി.ഇ.ഒ.യുമായ വിനവ് ഭാർതിയ പറഞ്ഞു.

TAGS: Alibaba | My Paco |