എമിഗ്രേഷൻ ക്ലിയറൻസിൽ മെയ് 31 വരെ ഇളവ്

Posted on: May 13, 2015

Immigration-Counters-big

തിരുവനന്തപുരം : നിയമപരമായി തൊഴിൽവിസ നേടിയ നഴ്‌സുമാർക്കെല്ലാം എമിഗ്രേഷൻ ക്ലിയറൻസിൽ മേയ് 31 വരെ കേന്ദ്ര സർക്കാർ ഇളവ് നൽകിയതായി തൊഴിൽവകുപ്പ് മന്ത്രി ഷിബു ബേബിജോൺ അറിയിച്ചു. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമായ രാജ്യങ്ങളിൽ ജോലിയിൽ പ്രവേശിക്കാനാകാതെ വന്ന, നിയമപരമായ രീതിയിൽ തൊഴിൽ വീസ നേടിയ നഴ്‌സുമാർക്കെല്ലാം അടിയന്തരമായി എമിഗ്രേഷൻ ക്ലിയറൻസ് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടിരുന്നു.

അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികളായ നോർക്ക റൂട്ട്‌സ്, ഒഡെപെക്, ഓവർസീസ് മാൻപവർ കോർപറേഷൻ ഓഫ് തമിഴ്‌നാട് എന്നീ ഏജൻസികളിലൂടെ റിക്രൂട്ട് ചെയ്യുന്ന നഴ്‌സുമാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭ്യമാക്കണമെന്നും നിയമന വിവാദത്തിൽപ്പെട്ട ഏജൻസികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രവിദേശകാര്യമന്ത്രിക്കെഴുതിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.