ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കേരളത്തിലേക്ക്

Posted on: December 5, 2019

കൊച്ചി : ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി കേരളത്തിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ശാഖ തുറന്നു

സംയോജിത ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങളിലൂടെ ആരോഗ്യകരമായി ജീവിക്കുന്നതു പ്രോല്‍സാഹിപ്പിക്കുക എന്ന ആശയമാണ് ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി മുന്നോട്ടുവെയ്ക്കുന്നത്. ഇതോടൊപ്പം തന്നെ ആധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തികൊണ്ട് കൂടുതല്‍ പ്രദേശങ്ങളിലേക്കു സേവനം വ്യാപിപ്പിക്കുവാനും ഉദ്ദേശിക്കുന്നു. ആസൂത്രിതവും വിജയകരവുമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല, ആയുര്‍വേദ സ്പാകള്‍ക്കും മെഡിക്കല്‍ ചികിത്സകള്‍ക്കും കേരളം പ്രസിദ്ധമാണ്. കേരളത്തിലെ സ്വകാര്യ, പൊതു ആരോഗ്യസംരക്ഷണ സംവിധാനം ശക്തമാണ്, ഇത് സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി ഉയര്‍ത്താന്‍ സഹായിക്കുന്നു. കൊച്ചിയിലെ ആദ്യ ശാഖ തുറക്കുന്നതുവഴി ആദിത്യ ബിര്‍ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രതികൂല ആരോഗ്യ സാഹചര്യങ്ങളിലുള്ള ഉപയോക്താക്കളിലേക്ക് എത്തിച്ചേരാനും വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക പരിരക്ഷാ ആവശ്യങ്ങളില്‍ അവരെ ശാക്തീകരിക്കാനും ലക്ഷ്യമിടുന്നു.

ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതോടൊപ്പം ആരോഗ്യകരമായി ജീവിക്കുവാന്‍ പിന്തുണ നല്‍കുന്ന വെല്‍നെസ് പദ്ധതികളും നല്‍കുന്ന സംയോജിത മാര്‍ഗങ്ങളാണ് ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി സ്വീകരിച്ചിട്ടുള്ളത്. കമ്പനി തങ്ങളുടെ ഉപഭോക്താക്കളുടെ ആരോഗ്യം തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയും അവര്‍ക്ക് വാര്‍ഷിക പ്രീമിയത്തിന്റെ 30 ശതമാനം വരെ ഇന്‍സെന്റീവായി നല്‍കുകയും ചെയ്യും. ക്ലെയിമുകള്‍ ഇല്ലാത്തതിനു നല്‍കുന്ന ബോണസ് തുകയ്ക്ക് പുറമേയായിരിക്കും ഇത്.

കൊച്ചിയില്‍ കേരളത്തിലെ തന്നെ ആദ്യ സമ്പൂര്‍ണ ശാഖ ആരംഭിക്കുന്നതില്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ടെന്ന് വികസന പദ്ധതികളെ കുറിച്ചു വിവരിച്ച ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി സിഇഒ മയാങ്ക് ബത്വാള്‍ പറഞ്ഞു. നഗരത്തിലെ താമസക്കാര്‍ക്ക് അവരുടെ ആവശ്യാനുസരണമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളാവും തങ്ങള്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ശക്തമായ വിപണിയായി കേരളം മാറുകയാണ്. ആരോഗ്യം ആദ്യം എന്ന ആശയത്തില്‍ നിന്നുകൊണ്ടുള്ള സേവനങ്ങളാവും തങ്ങള്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു മുന്നേറുന്നതില്‍ ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി എന്നും മുന്‍ നിരയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ കുടുംബത്തിലും സേവനങ്ങള്‍ എത്തിക്കുകയെന്നതാണ് തങ്ങളുടെ അന്തിമ ലക്ഷ്യം. ആരോഗ്യകരമായ ജീവിത രീതി എന്ന ആശയം ഉള്‍ക്കൊണ്ടു കൊണ്ട് തങ്ങള്‍ അവതരിപ്പിക്കുന്ന പദ്ധതികള്‍ കൊച്ചിയിലെ ജനങ്ങള്‍ക്കു പ്രയോജനകരമാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.