ഹോണ്ട ഇന്ത്യ മനേസറില്‍ പുതിയ സികെഡി എഞ്ചിന്‍ അസംബ്ലി ലൈന്‍ തുറന്നു

Posted on: April 20, 2024

കൊച്ചി : രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ഹരിയാന മനേസറിലെ ഗ്ലോബല്‍ റിസോഴ്‌സ് ഫാക്ടറിയില്‍ പുതിയ അത്യാധുനിക സികെഡി (കംപ്ലീറ്റ് നോക്ക്ഡ് ഡൗണ്‍) അസംബ്ലി ലൈന്‍ ഉദ്ഘാടനം ചെയ്തു. സികെഡി കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. നവീകരണം, കാര്യക്ഷമത, ആഗോള മികവ് എന്നിവയിലുള്ള എച്ച്എംഎസ്‌ഐയുടെ പ്രതിബദ്ധതയില്‍ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന പുതിയ അസംബ്ലി ലൈനിന് പ്രതിദിനം 600 എഞ്ചിനുകള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്. 110സിസി മുതല്‍ 300സിസി വരെയുള്ള മോഡലുകള്‍ക്കായി എഞ്ചിനുകള്‍ നിര്‍മിക്കാനുള്ള സജ്ജീകരണവും പുതിയ അസംബ്ലി ലൈനിലുണ്ട്.

ഹോണ്ടയുടെ രാജ്യത്തെ ആദ്യത്തെ ഇരുചക്രവാഹന നിര്‍മ്മാണ കേന്ദ്രമായ മനേസറിലെ ഗ്ലോബല്‍ റിസോഴ്‌സ് ഫാക്ടറി 2001ലാണ് സ്ഥാപിതമായത്. ജനപ്രിയ ആക്ടീവയുടെ നിര്‍മാണവും ഈ ഫാക്ടറിയില്‍ നിന്നായിരുന്നു. നിലവില്‍ യൂറോപ്പ്, സെന്‍ട്രല്‍ ആന്‍ഡ് ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സാര്‍ക്ക് രാജ്യങ്ങള്‍ എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന 58 വിപണികളിലേക്ക് എച്ച്എംഎസ്‌ഐ ഇവിടെ നിന്ന് എഞ്ചിനുകള്‍ ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്നുണ്ട്.

മനേസറിലെ ഞങ്ങളുടെ ഗ്ലോബല്‍ റിസോഴ്‌സ് ഫാക്ടറിയില്‍ സികെഡി കയറ്റുമതിക്കായി പുതിയ എഞ്ചിന്‍ അസംബ്ലി ലൈന്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. ഈ ചുവടുവെപ്പിലൂടെ കയറ്റുമതി ശേഷി വര്‍ദ്ധിപ്പിക്കാനും, വിപണി വിപുലീകരണത്തില്‍ പുതിയ ഉയരങ്ങളിലെത്താനും, ആഗോള ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാനും എച്ച്എംഎസ്‌ഐ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.