250 റോബോട്ടിക്ക് മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി ആസ്റ്റര്‍ മെഡ്സിറ്റി

Posted on: March 12, 2024

കൊച്ചി : 250 റോബോട്ടിക്ക് മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ആസ്റ്റര്‍ മെഡ്‌സിറ്റി. സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് റൂമറ്റോളജി വിഭാഗമാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഈ നേട്ടം കൈവരിച്ചത്. ആസ്റ്റര്‍ മെഡ്‌സിറ്റി ക്യാമ്പസ്സില്‍ വച്ചു നടന്ന ഈ ശസ്ത്രക്രിയയിലൂടെ രോഗം ഭേദമായവരുടെ സംഗമം വേറിട്ട അനുഭവമായി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ എംഡിയും മുന്‍ സംസ്ഥാന ഡിജിപിയുമായ ലോക്‌നാഥ് ബെഹ്റ പരിപാടി ഉദ്ഘാടനം ചെയ്തു.

ഏറ്റവും മികച്ച ഓര്‍ത്തോപീഡിക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ നിരന്തരശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് ഓര്‍ത്തോപീഡിക് സര്‍ജറി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ വിജയ മോഹന്‍ എസ് അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ ഒത്തുകൂടിയവര്‍ വിവിധയിനം മത്സരങ്ങളില്‍ ഏര്‍പ്പെട്ടു. ഡിക്കാതലോണുമായി ചേര്‍ന്ന് ഗോള്‍ഫ്, ഡാര്‍ട്ട് തുടങ്ങിയ മത്സരങ്ങളും സജ്ജമാക്കിയിരുന്നു. മുട്ടുസംബന്ധമായ പ്രശ്‌നങ്ങളെ അതിജീവിച്ച രോഗികളും അവരുടെ ഡോക്ടര്‍മാരും ചേര്‍ന്ന് നടത്തിയ റാമ്പ് വാക്ക് വേറിട്ട കാഴ്ചയായി.

പരിപാടിയോടനുബന്ധിച്ച് മൂന്ന് ദിവസമായി നടന്ന ഓര്‍ത്തോ റോബോട്ട് എക്‌സ്‌പോയും സമാപിച്ചു. മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന അത്യാധുനിക റോബോട്ടുകള്‍ പ്രദര്‍ശനത്തിലെ കൗതുകകാഴ്ചയായി. വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ധാരാളം പുതിയ അറിവുകള്‍ നല്‍കുന്നതായിരുന്നു എക്‌സ്‌പോ. ശസ്ത്രക്രിയയുടെ കൃത്യത വര്‍ധിപ്പിക്കുന്നതിലും രോഗത്തില്‍ നിന്നുള്ള മോചനം വേഗത്തിലാക്കുന്നതിലും റോബോട്ടുകള്‍ വഹിക്കുന്ന പങ്ക് ചര്‍ച്ചയായി.