വാഹനാപകടത്തില്‍ ശരീരമാസകലം തളര്‍ന്ന ഡോക്ടര്‍;ഇന്ന് രാജ്യത്താകെ, അവബോധ പരിപാടികളില്‍ നിറസാന്നിധ്യം

Posted on: January 22, 2024

കൊച്ചി : കൊച്ചി കലൂരിലെ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ പുരോഗമിക്കുന്ന ഓള്‍ ഇന്ത്യ ഒക്ക്യുപ്പെഷണല്‍ തെറാപ്പിസ്റ്റ് അസോസിയേഷന്റെ അറുപത്തിയൊന്നാം വാര്‍ഷിക സമ്മേളനമായ ഓറ്റികോണ്‍ 2024 ല്‍ ഒക്ക്യുപ്പെഷണല്‍ തെറാപ്പി നല്‍കിയ തന്റെ അതി ജീവന കഥ പങ്കുവെക്കുകയായിരുന്നു ഡോ. ടി വി വേലായുധന്‍.

2008 ജൂണില്‍ കേരളത്തിലെ ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായി വെസ്റ്റ് ബംഗാളില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഡോക്ടര്‍ ടി.വി. വേലായുധന് അപകടം സംഭവിക്കുന്നത്. എയര്‍പ്പോര്‍ട്ടിലേക്കുള്ള യാത്രയില്‍ മഴയുണ്ടായിരുന്നു. അദ്ദേഹം ഓടിച്ചിരുന്ന കാര്‍ തെന്നി ഡിവൈഡറിലേക്ക് ഇടിച്ചുകയറി. പുലര്‍ച്ചെ നാലര മണിക്കായിരുന്നു സംഭവം.

ഇടിയുടെ ആഘാതത്തില്‍ അദ്ദേഹത്തിന്റെ കഴുത്ത് കാറിന്റെ സ്റ്റിയറിങ്ങില്‍ ശക്തമായി ഇടിച്ചു. നാഡീഞരമ്പുകള്‍ ഞെരുങ്ങിയമര്‍ന്നു. പേശികളിലേക്കുള്ള നാഡികള്‍ തടസപ്പെട്ടതോടെ ശരീരം തളര്‍ന്നു. കൊല്‍ക്കത്തയിലെ ബിര്‍ള ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ എത്തിച്ചത്. അടിയന്തിര ശസ്ത്രക്രിയ നടത്തി. നാഡികളിലെ തടസം നീക്കി. പക്ഷെ ഡോ. വേലായുധന്റെ ശരീരത്തിന്റെ വലതുവശം പൂര്‍ണമായും ഇടതുവശം ഭാഗികമായും തളര്‍ന്നു. നടക്കാനോ എണീറ്റിരിക്കാനോ പോലും കഴിയാത്ത വിധം അദ്ദേഹം കിടപ്പിലായി. ഓപ്പറേഷന്‍ തിയറ്ററില്‍ കിടക്കുമ്പോള്‍ ഈ അവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണെന്ന് വരെ അദ്ദേഹത്തിന് തോന്നി.

പതിനെട്ടാം ദിവസം അദ്ദേഹത്തെ പ്രത്യേക സൗകര്യങ്ങളോടെ വിമാനത്തില്‍ നാട്ടിലെത്തിച്ചു. ഏതാണ്ട് 45 ദിവസത്തോളം അദ്ദേഹത്തിന് ചലനശേഷിയില്ലായിരുന്നു. അതിനുശേഷം ഫിസിയോതെറാപ്പിയും ഒക്ക്യുപ്പെഷണല്‍ തെറാപ്പിയും പ്രയോജനപ്പെടുത്തിയാണ് പതിയെപ്പതിയെ നടക്കാനുള്ള കഴിവ് വീണ്ടെടുത്തത്.

അപകടം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അദ്ദേഹം ഇപ്പോഴും ഒക്ക്യുപ്പെഷണല്‍ തെറാപ്പി തുടരുകയാണ്. ചലനം തുടര്‍ന്നില്ലെങ്കില്‍ ഒരുപക്ഷെ അദ്ദേഹം വീണ്ടും തളര്‍ന്നുപോയേക്കാം. രണ്ട് ദിവസം നടന്നില്ലെങ്കില്‍ മൂന്നാം ദിവസം ചിലപ്പോള്‍ എഴുന്നേറ്റ് നടക്കാന്‍ കഴിഞ്ഞില്ലെന്നുവരും. ഒരു ഒക്ക്യുപ്പെഷണല്‍ തെറാപ്പിസ്റ്റിന്റെ സഹായത്തോടെ നിരന്തരം മസിലുകളെ ചലിപ്പിച്ച് സജീവമായി നിലനിര്‍ത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. അന്നത്തെ ആ അപകടത്തില്‍ ഡോ. വേലായുധന് സംഭവിച്ചത് ആയുഷ്‌കാലം നീണ്ടുനില്‍ക്കുന്ന ഒരു വൈകല്യമാണ്. എന്നാല്‍ അത്തരമൊരു ഘട്ടത്തില്‍ തകര്‍ന്നുപോകാതെ സ്വന്തം കഴിവില്‍ വിശ്വസിച്ച്, വൈദ്യശാസ്ത്രരംഗത്ത് ലഭ്യമായ ഒക്ക്യുപ്പെഷണല്‍ തെറാപ്പി പോലെയുള്ള സാധ്യതകളെ പ്രയോജനപ്പെടുത്തി ജീവിതലക്ഷ്യങ്ങള്‍ നിറവേറ്റുന്നത് തുടരുകയാണ് അദ്ദേഹം. മലേഷ്യയും തായ്ലാന്റുമുള്‍പ്പെടെ വിവിധയിടങ്ങളില്‍ യാത്ര ചെയ്തു. അപകടത്തിന് ശേഷം ഒറ്റയ്ക്ക് വാഹനമോടിക്കാനുള്ള ശേഷിയും.

ഒക്ക്യുപ്പെഷണല്‍ തെറാപ്പിയുടെയും ഫിസിയോതെറാപ്പിയുടെയും ഗുണങ്ങള്‍ ഇന്നും പൊതുജനങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ലെന്ന് ഡോ. വേലായുധന്‍ പറയുന്നു. കൈകൊണ്ട് ഭക്ഷണം കഴിക്കാനുള്ള കഴിവും നടക്കാനും ഇരിക്കാനുമുള്ള കഴിവുമെല്ലാം ഒരു അനുഗ്രഹമാണെന്ന് പലരും തിരിച്ചറിയുന്നില്ല. അതൊന്നും ചെയ്യാന്‍ കഴിയാതെ എത്രയോ ആളുകളുണ്ട്. അവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഒക്ക്യുപ്പെഷണല്‍ തെറാപ്പി മാത്രമാണ് നിലവിലുള്ള പോംവഴി.

അപകടങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ആശുപത്രിയില്‍ വേണ്ട ചികിത്സകളൊക്കെ ചെയ്തതിന് ശേഷം കൃത്യസമയത്ത് ഫിസിയോതെറാപ്പിയും ഒക്ക്യുപ്പെഷണല്‍ തെറാപ്പിയും തുടങ്ങിക്കഴിഞ്ഞാല്‍ പല വൈകല്യങ്ങളും ഒരു പരിധിവരെ നമുക്ക് തടയാന്‍ കഴിയും. ഇതിനെക്കുറിച്ച് അറിവില്ലാത്ത പലയാളുകള്‍ക്കും ആയുഷ്‌കാലം മുഴുവന്‍ അവരുടെ വൈകല്യങ്ങള്‍ ഏറ്റുവാങ്ങി ജീവിതം പരിമിതപ്പെടുത്തുന്നു. ഈ അവസ്ഥ മാറണമെന്ന് ഡോ. വേലായുധന്‍ പറയുന്നു. രോഗിയില്‍ നിരന്തരം ശുഭാപ്തിവിശ്വാസം ഉണ്ടാക്കിയെടുക്കണം. അപകടം നടന്ന് ഏതാണ്ട് രണ്ട് മാസക്കാലം മാത്രമേ ഡോക്ടര്‍ വേലായുധന് ദൈനംദിനകാര്യങ്ങള്‍ ചെയ്യുന്നതിന് മറ്റൊരാളുടെ സഹായം ആവശ്യമായി വന്നിട്ടുള്ളൂ. പിന്നീട് എല്ലാ കാര്യങ്ങളും പതിവുപോലെ സ്വന്തമായി ചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹം സ്വായത്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഡോ. ടി.വി. വേലായുധന്‍ എം.ബി.ബി.എസും ബിരുദാനന്തര ബിരുദവും നേടിയത്. ഇന്ന് അദ്ദേഹം കേരളത്തിലെ വൈദ്യശാസ്ത്ര രംഗത്തും അവബോധപരിപാടികളിലും നിറസാന്നിധ്യമാണ്. സംസ്ഥാന ഹെല്‍ത്ത് സര്‍വീസസില്‍ അഡിഷണല്‍ ഡയറക്ടര്‍, കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍ എന്നീ പദവികളും വഹിക്കുന്നു.