മാഗ്മ എച്ച്ഡിഐയുടെ ത്രിദിന ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണ റാലി സമാപിച്ചു

Posted on: December 26, 2023

 

കൊച്ചി : ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രാധാന്യം പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ദിവസങ്ങളിലായി മാഗ്മ എച്ച്ഡിഐ നടത്തിയ വനിത റൈഡര്‍മാരുടെ ബൈക്ക് റാലിക്ക് എറണാകുളം ജില്ലയില്‍ സമാപനം. 2047ഓടെ രാജ്യത്ത് എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക എന്ന, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) രാജ്യവ്യാപക പ്രചാരണത്തിന്റെ ഭാഗമായി മാഗ്മ എച്ച്ഡിഐയാണ് റാലി സംഘടിപ്പിച്ചത്. പ്രമുഖ വനിത റൈഡര്‍മാരായ ഡോ. സന, അലീന, ഷംന എന്നിവരടങ്ങുന്ന സംഘം തിരുവനന്തപുരത്തു നിന്നാണ് റാലി ആരംഭിച്ചത്.

തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘം പൊതുജനങ്ങളുമായി സംവദിക്കുകയും ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണ സദസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. നേരത്തെ, സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വഹിക്കുന്ന പങ്കിനെപ്പറ്റി മാഗ്മ എച്ച്ഡിഐ ആരംഭിച്ച ‘ഇന്‍ഷുറന്‍സ് എടുത്തോ?’ ക്യാമ്പയിന്‍ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രാധാന്യം വിളിച്ചോതി, വനിതകള്‍ നടത്തിയ ബൈക്ക് റാലി വന്‍ വിജയമായതായി മാഗ്മ എച്ച്ഡിഐയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ അമിത് ഭണ്ഡാരി പറഞ്ഞു. ‘കേരളത്തിലെ ജനങ്ങളില്‍ നിന്നും ആവേശകരമായ സ്വീകരണമാണ് റാലിക്ക് ലഭിച്ചത്. സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കാനും ഭാവി ജീവിതം ശോഭനമാക്കാനും ഇന്‍ഷുറന്‍സ് എടുക്കേണ്ടതിന്റെ ആവിശ്യകതയെപ്പറ്റി കേരളത്തിലെ ജനങ്ങളെ ഉദ്‌ബോധിപ്പിക്കാന്‍ ഈ റാലിയിലൂടെ സാധിച്ചു.’ അദ്ദേഹം പറഞ്ഞു.