ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

Posted on: December 4, 2023

കൊച്ചി : അന്താരാഷട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കുമായി വ്യത്യസ്ത ആഘോഷങ്ങളുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ വകുപ്പിലെ രോഗികള്‍ക്ക് വേണ്ടി ഹൗസ് ബോട്ടില്‍ വിനോദ യാത്രയായിരുന്നു ഒരുക്കിയിരുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി നിര്‍വഹിച്ചു.

ഭിന്നശേഷിക്കാരായ രോഗികള്‍ക്ക് വേണ്ടി ആസ്റ്റര്‍ മെഡ്‌സിറ്റി നടത്തുന്നത് ഏറ്റവും മാതൃകാപരമായ സേവനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് വേണ്ടി പൂര്‍ണ അര്‍പ്പണബോധത്തോടെ ഏറ്റവും കൃത്യമായ ചികിത്സരീതികളാണ് ആവിഷ്‌കരിക്കുന്നതെന്ന് നേരിട്ട് കണ്ട് മനസിലാക്കിയ കാര്യമാണ്. ഇത് ഏറെ പ്രശംസനീയമാണെന്നും ഹൈബി ഈഡന്‍ എം.പി കൂട്ടിച്ചേര്‍ത്തു.

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ മെഡ്സിറ്റി ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എം മാത്യു, അസിസ്റ്റന്റ് ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ജവാദ് അഹമ്മദ്, ഓപ്പറേഷന്‍സ് മേധാവി ധന്യ ശ്യാമളന്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.