സ്തനാര്‍ബുദ ബോധവല്‍ക്കരണ ബൈക്ക് റാലിയുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി

Posted on: November 1, 2023

കൊച്ചി : സ്തനാര്‍ബുദ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നിന്ന് ആരംഭിച്ച റാലി സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജെം കളത്തില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു ബൈക്ക് റാലി സംഘടിപ്പിച്ചത്. ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നടന്ന റാലിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 25-ഓളം ബൈക്ക് റൈഡര്‍മാര്‍ അണിനിരന്നു. തിങ്കളാഴ്ച രാവിലെ മെഡ്‌സിറ്റിയില്‍ നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റിയ ശേഷം ആശുപത്രി അങ്കണത്തില്‍ സമാപിച്ചു.

ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അരുണ്‍ വാര്യര്‍, കണ്‍സള്‍ട്ടന്റ് ഡോ. അശോക് കോമരഞ്ജത്ത്, കാന്‍സര്‍ രോഗ വിഭാഗത്തിലെ മറ്റ് വിദഗ്ധരും, ജീവനക്കാരും ക്യാന്‍സര്‍ അതിജീവിതരും പങ്കെടുത്തു. ഇത്തരത്തിലുള്ള വിപുലമായ പരിപാടികള്‍ ക്യാന്‍സര്‍ രോഗബാധിതര്‍ക്ക് പ്രചോദനവും പ്രത്യാശയുമേകുന്നതാണെന്നും ഇതിന് നേതൃത്വം നല്‍കിയ ആസ്റ്റര്‍ മെഡ്‌സിറ്റി പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും പങ്കെടുത്തവര്‍ പറഞ്ഞു.

സ്ത്രീകളില്‍ ഏറ്റവും അധികമായി കണ്ടുവരുന്ന അര്‍ബുദ രോഗമാണ് സ്തനാര്‍ബുദം. നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ 80 മുതല്‍ 90 ശതമാനം പേരിലും രോഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുമെന്നാണ് പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങള്‍ സംബന്ധിച്ചുമുള്ള അറിവില്ലായ്മ മൂലം നിരവധി പേരാണ് ഓരോ വര്‍ഷവും മരണപ്പെടുന്നത്. സ്തനാര്‍ബുദത്തെ സംബന്ധിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു കഴിഞ്ഞ ഒരു മാസമായി ആസ്റ്റര്‍ മെഡ്‌സിറ്റി നേതൃത്വം നല്‍കിയത്.