കട്ടപ്പനയിലുടനീളം സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ച് ഫെഡറല്‍ ബാങ്ക്

Posted on: October 28, 2023

ഇടുക്കി : ഫെഡറല്‍ ബാങ്കിന്റെ സി എസ് ആര്‍ പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭയില്‍ അന്‍പതോളം സൗരോര്‍ജ്ജ തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. ബാങ്കിന്റെ സി എസ് ആര്‍ വിഭാഗമായ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷനാണ് ഫെഡറല്‍ ജ്യോതി എന്ന പേരിലുള്ള പദ്ധതിക്കു കീഴില്‍ നഗരസഭയുടെ മുപ്പത്തിനാല് വാര്‍ഡുകളിലും തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നത്.

കട്ടപ്പന എയ്ഡഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് ബാങ്കിംഗ് മേധാവി നന്ദകുമാര്‍ വി മുഖ്യാതിഥിയായി. ഫെഡറല്‍ ബാങ്ക് തൊടുപുഴ റീജിയന്‍ മേധാവി ബുഷി സത്യന്‍ അധ്യക്ഷത വഹിച്ചു.

മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി 15 ലക്ഷം രൂപയുടെ ഫണ്ട് സ്വീകരിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം കെ തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങിന് ഫെഡറല്‍ ബാങ്ക് കട്ടപ്പന ശാഖാ സാരഥി ജസ്റ്റിന്‍ കെ സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കി.