ജൈവോത്പ്പന്ന കയറ്റുമതിയില്‍ ജീവഗ്രാമിന് ദേശീയ പുരസ്‌കാരം

Posted on: September 25, 2023

കൊച്ചി : ജൈവമിന്റ് ഉത്പ്പന്ന കയറ്റുമതി മികവിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരത്തിന് എറണാകുളം ജില്ലയിലെ ജീവഗ്രാം സൊസൈറ്റി അര്‍ഹരായി. സംസ്ഥാനത്ത് ജൈവകൃഷി വ്യാപിപ്പിക്കുന്നതിലും കയറ്റുമതിയിലും മുഖ്യപങ്ക് വഹിക്കുന്ന സ്ഥാപനമാണു ജീവഗ്രാം സൊസൈറ്റി.

ബോംബെയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സ്‌പൈസസ് കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ജീവഗ്രാം പ്രസിഡന്റ് ജോണി വടക്കഞ്ചേരിയും ഡയറക്റ്റര്‍ ഷേര്‍ളി ആന്റണിയും ചേര്‍ന്ന് കേന്ദ്ര മന്ത്രി അനുപ്രിയ പട്ടേലില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ അമര്‍ ദീപ് സിങ് ഭാട്ടിയ ഐഎഎസ്, ഡയറക്റ്റര്‍ മാര്‍ക്കറ്റിംഗ് ബസിസ്ത് നാരായണന്‍, സെക്രട്ടറി ഡി. സത്യന്‍ഐഎഫ്എസ്, ഡയറക്റ്റര്‍ റിസര്‍ച്ച് ആന്റ് ഫിനാന്‍സ് ഡോ.രമശ്രീ എന്നിവര്‍ സന്നിഹിതരായിരുന്നു.

കാലടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീവഗ്രാം 2001 മുതല്‍ ഇടുക്കി, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ച് കേരളത്തില്‍ വിവിധ ജൈവകൃഷി പദ്ധതികള്‍ നടപ്പിലാക്കുകയും ഏഴില്‍പ്പരം രാജ്യങ്ങളിലേക്ക് ജൈവ സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി നടത്തുകയുംചെയ്യുന്നു.