കോവളം മാരത്തോണിന്റെ ഔദ്യോഗിക റേസ് ടീ ഷര്‍ട്ട് പ്രകാശനം ചെയ്തു

Posted on: September 20, 2023

തിരുവനന്തപുരം : യംഗ് ഇന്ത്യന്‍സ് ഡി.എല്‍.ടി ലെഡ്‌ജേഴ്‌സ് കോവളം മാരത്തോണ്‍ 2023ന്റെ ഔദ്യോഗിക ടീഷര്‍ട്ട് പ്രകാശനം ചെയ്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ സിറ്റി പൊലീസ് കമീഷണര്‍ നാഗരാജു ചക്കിലും ഐ.പി.എസാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. ഞായറാഴ്ച (സെപ്തംബര്‍ 24) കോവളത്താണ് മാരത്തോണ്‍ നടക്കുന്നത്.

ശാരീരിക ക്ഷേമത്തിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം ബോധവല്‍ക്കരിക്കുന്നതോടൊപ്പം സമുദ്ര സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. ഫുള്‍ മാരത്തണ്‍ (42.2 കി.മീ), ഹാഫ് മാരത്തണ്‍ (21.1 കി.മീ), 10.കെ ഓട്ടം (10 കി.മീ), ഫണ്‍ റണ്‍ (അഞ്ച് കി.മീ), കോര്‍പ്പറേറ്റ് റിലേ (അഞ്ച് കി.മീ) എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായിട്ടാണ് മാരത്തോണ്‍ വിഭാവനം ചെയ്തിട്ടുളളത്. തലസ്ഥാന നഗരിയില്‍ നടക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ആദ്യ ഫുള്‍ മാരത്തോണ്‍ എന്ന സവിശേഷതയും കോവളം മാരത്തോണിനുണ്ട്.

ഫുള്‍, ഹാഫ്, 10.കെ വിഭാഗങ്ങളില്‍ 18 വയസ് മുതലുളള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാന്‍ കഴിയും. അഞ്ച് കിലോമീറ്റര്‍ വിഭാഗത്തില്‍ 10 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും പങ്കെടുക്കാന്‍ കഴിയും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് മാരത്തോണില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. ഇവര്‍ക്ക് റേസ് ടീ ഷര്‍ട്ടും വെള്ളം, ഇലക്ട്രോലൈറ്റുകള്‍, ലഘുഭക്ഷണങ്ങള്‍ തുടങ്ങി നിര്‍ജലീകരണം ഒഴിവാക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിജയകരമായി പൂര്‍ത്തിയാക്കുന്നവ മുഴുവന്‍ പേര്‍ക്കും മെഡല്‍ ലഭിക്കും. ഫുള്‍, ഹാഫ്, 10 കെ മാരത്തോണുകളില്‍ ഫിനിഷിംഗ് സമയം കൃത്യമായി ട്രാക്ക് ചെയ്യുന്നതിനായി ആര്‍.എഫ്.ഐ.ഡി. ചിപ്പുകള്‍ ഘടിപ്പിച്ച ബിബുകള്‍ നല്‍കും.

മാരത്തോണിലൂടെ സമാഹരിക്കുന്ന തുക സമുദ്രസംരക്ഷണത്തിനായി ചെലവഴിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഡി.എല്‍.ടി ലെഡ്‌ജേഴ്‌സിന് പുറമേ, ആക്‌സിയ ടെക്‌നോളജീസ്, പ്യുവര്‍ ഹാര്‍ട്ട്, വാസുദേവ വിലാസം തുടങ്ങിയവരാണ് മറ്റ് പ്രധാന സ്‌പോണ്‍സര്‍മാര്‍.

ടീഷര്‍ട്ട് പ്രകാശന ചടങ്ങില്‍ യങ് ഇന്ത്യന്‍സ് തിരുവന്തപുരം ചാപ്റ്റര്‍ ചെയര്‍മാന്‍ അനിന്ദ് ബെന്‍ റോയ്, യങ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്റര്‍ കോ-ചെയര്‍മാന്‍ സാജന്‍ എസ്. നന്ദന്‍, മാരത്തോണിന്റെ കോ കണ്‍വീനറും റേസ് ഡയറക്ടറുമായ ഷിനോമോള്‍ പാലത്താനത്ത്, യങ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്റര്‍ കാലാവസ്ഥാ വിഭാഗം അധ്യക്ഷന്‍ ടെറന്‍സ് അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.