ആദിത്യ ബിര്‍ള ഗ്രൂപ്പ് ‘ബിര്‍ള ഓപസ്’ എന്ന പേരില്‍ പെയിന്റ് ബിസിനസ് ആരംഭിക്കുന്നു

Posted on: September 15, 2023

കൊച്ചി : ആദിത്യ ബിര്‍ള ഗ്രൂപ്പ് പെയിന്റ് ബിസിനസ് മേഖലയിലേക്ക് കടക്കുന്നു. ഗ്രൂപ്പിന്റെ ഫ്‌ലാഗ്ഷിപ് കമ്പനിയായ ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തങ്ങളുടെ പെയിന്റ് ബിസിനസിന്റെ ബ്രാന്‍ഡ് നെയിം ‘ബിര്‍ള ഓപസ്’ എന്നാണെന്ന് പ്രഖ്യാപിച്ചു. 2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ബിര്‍ള ഓപസിന്റെ വിപണി അവതരണം ഉണ്ടാകും. ഡക്കറേറ്റീവ് പെയിന്റ്‌സ് വിഭാഗത്തില്‍ ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ ശ്രേണിയും ബിര്‍ള ഓപസ് ലഭ്യമാക്കും.

ഡക്കറേറ്റീവ് പെയിന്റുകളിലേക്കുള്ള ഞങ്ങളുടെ കടന്നുവരവ് തന്ത്രപരമായ പോര്‍ട്ട്‌ഫോളിയോ തിരഞ്ഞെടുപ്പാണെന്നും ഇത് ഊര്‍ജ്ജസ്വലമായ ഇന്ത്യന്‍ ഉപഭോക്തൃ ലാന്‍ഡ്‌സ്‌കേപ്പില്‍ ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുമെന്നും ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു. ആദിത്യ ബിര്‍ള ബ്രാന്‍ഡിനുള്ള ശക്തിയിലും വിശ്വാസത്തിലും ഞങ്ങളുടെ പെയിന്റ് ബിസിനസ്സ് കെട്ടിപ്പടുക്കും. വരും വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ രണ്ടാമതെത്തുവാനാണ് ശ്രമിക്കുന്നതെന്നും ബ്രാന്‍ഡ് നാമം പ്രഖ്യാപിക്കുന്നത് ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു.

അവതരണത്തിന് മുന്നോടിയായി, പ്രധാന മെട്രോകളില്‍ പെയിന്റിംഗ് സേവനങ്ങള്‍ ഗ്രാസിം ലഭ്യമാക്കിയിരുന്നു. ഇറക്കുമതി ചെയ്ത വുഡ് ഫിനിഷുകളുടെ ഒരു ശ്രേണി അവതരിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ അത്യാധുനിക ഗവേഷണ-വികസന സൗകര്യം ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്.

പെയിന്റ് ബിസിനസ് ആരംഭിക്കുന്നതിന് 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഗ്രാസിം നേരത്തെ അറിയിച്ചിരുന്നു. ഹരിയാന, പഞ്ചാബ്, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന കമ്പനിയുടെ അത്യാധുനിക നിര്‍മാണ പ്ലാന്റുകള്‍ക്ക് പ്രതിവര്‍ഷം 1,332 ദശലക്ഷം ലിറ്റര്‍ ശേഷിയുണ്ടാകും.

70,000 കോടി രൂപയാണ് ഇന്ത്യയുടെ ഡക്കറേറ്റീവ് പെയിന്റ് വ്യവസായത്തിന്റെ ഇപ്പോഴത്തെ ഏകദേശ മൂല്യം. വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃ താല്‍പര്യങ്ങളും ‘എല്ലാവര്‍ക്കും ഭവനം’ എന്ന ലക്ഷ്യത്തിലേക്കുള്ള സര്‍ക്കാര്‍ ശ്രമവും മൂലം പെയിന്റ് വ്യവസായം വര്‍ഷം തോറും ഇരട്ട അക്ക വളര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്.