എയര്‍ടെല്‍ 5ജി പ്ലസ് സേവനങ്ങള്‍ കേരളത്തില്‍ 4 നഗരങ്ങളില്‍

Posted on: February 6, 2023


കൊച്ചി : കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ കൂടി 5ജി സേവനങ്ങള്‍ ആരംഭിക്കുന്നു. കൊച്ചിയില്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. നെറ്റ്വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് വരിക്കാര്‍ക്ക് ഘട്ടംഘട്ടമായിട്ടായിരിക്കും 5ജി പ്ലസ് സേവനങ്ങള്‍ ലഭ്യമാകുക. 5ജി ലഭ്യമാകുന്ന ഉപകരണങ്ങള്‍ ഉള്ള വരിക്കാര്‍ക്ക് പ്രത്യേകിച്ച് ചെലവൊന്നും ഇല്ലാതെ വേഗമേറിയ 5ജി സേവനങ്ങള്‍ ആസ്വദിക്കാം.

5ജി സേവനങ്ങള്‍ നിലവില്‍ ലഭ്യമാകുന്ന സ്ഥലങ്ങള്‍: തിരുവനന്തപുരത്ത്- വഴുതക്കാട്, തമ്പാന്നൂര്‍, കിഴക്കേക്കോട്ട, പാളയം, പട്ടം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, പാപ്പനംകോട്, കോവളം, വിഴിഞ്ഞം, വലിയവിള. കോഴിക്കോട്- നടക്കാവ്, പാളയം, കല്ലായി, വെസ്റ്റ് ഹില്‍, കുറ്റിച്ചിറ, ഇരഞ്ഞിപാലം, മീന്‍ചന്ത, തൊണ്ടയാട്, മാലാപറമ്പ്, ഇലത്തൂര്‍, കുന്നമംഗലം. തൃശൂര്‍- രാമവര്‍മ്മപുരം, തൃശൂര്‍ റൗണ്ട്, കിഴക്കേക്കോട്ട, കൂര്‍ക്കഞ്ചേരി, ഒളരിക്കര, ഒല്ലൂര്‍, മണ്ണുത്തി, നടത്തറ.

നെറ്റ്വര്‍ക്ക് പൂര്‍ത്തിയാകുന്നത് അനുസരിച്ച് സേവനം നഗരം മുഴുവന്‍ വ്യാപിപ്പിക്കും. കൊച്ചിയെ കൂടാതെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ കൂടി 5ജി പ്ലസ് സേവനം അവതരിപ്പിക്കുന്നതില്‍ ആഹ്ളാദമുണ്ടെന്നും നാലു നഗരങ്ങളിലെയും എയര്‍ടെല്‍ വരിക്കാര്‍ക്ക് ഇനി 4ജിയേക്കാള്‍ 20-30 ഇരട്ടിയോളം വേഗമേറിയ സേവനങ്ങള്‍ ആസ്വദിക്കാമെന്നും ഹൈ-ഡെഫനിഷന്‍ വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ്, മള്‍ട്ടിപ്പിള്‍ ചാറ്റിംഗ്, ചിത്രങ്ങളുടെയും മറ്റും ഉടനടി അപ്ലോഡിംഗ് തടങ്ങിയവ ഉള്‍പ്പെടുന്ന 5ജി പ്ലസ് സേവനങ്ങള്‍ മുഴുവന്‍ നഗരത്തിലും ലഭ്യമാക്കുന്നതിനുള്ള പരിശ്രമത്തിലാണെന്നും ഭാരതി എയര്‍ടെല്‍ കേരള സിഒഒ അമിത് ഗുപ്ത പറഞ്ഞു.

എയര്‍ടെലിന്റെ മുഴുവന്‍ സേവനങ്ങള്‍ക്കും എയര്‍ടെല്‍ 5ജി പ്ലസ് ഉത്തേജനമാകും. വിദ്യാഭ്യാസം, ആരോഗ്യം, ഉല്‍പ്പാദനം, കൃഷി, മൊബിലിറ്റി, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതോടെ എയര്‍ടെല്‍ 5ജി പ്ലസ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും സഹായിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ എയര്‍ടെല്‍ 5ജിയുടെ കരുത്ത് വെളിപ്പെടുത്തിയതാണ്. 5ജി ഉപയോഗം ജീവിത്തിലും ബിസിനസിലും എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.

5ജി കരുത്തില്‍ ഹൈദരാബാദില്‍ സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യ ഹോളോഗ്രാം മുതല്‍ ലോകകപ്പ് മല്‍സരങ്ങളുടെ പുനഃസൃഷ്ടിയും ഇന്ത്യയിലെ ആദ്യ 5ജി കണക്റ്റഡ് ആംബുലന്‍സും ബോഷുമായി ചേര്‍ന്ന് ഇന്ത്യയിലെ ആദ്യ സ്വകാര്യ ഉത്പ്പാദന യൂണിറ്റും വരെ അവതരിപ്പിച്ച് എയര്‍ടെല്‍ 5ജിയില്‍ മുന്നില്‍ തന്നെ നില്‍ക്കുന്നു.

 

TAGS: Airtel 5G |