പുതുവര്‍ഷത്തെ വരവേല്ക്കാന്‍ ‘എപ്പിലോഗു’മായി ക്രാഫ്റ്റ്‌സ് വില്ലേജ്

Posted on: December 28, 2022

കൊച്ചി : 2022 നെ യാത്രയാക്കി 2023 നെ വരവേല്ക്കാന്‍ ഡിസംബര്‍ 31-നും ജനുവരി 1-നും വിപുലമായ പരിപാടികളുമായി തിരുവനന്തപുരത്തെ കേരള ആട്‌സ് & ക്രാഫ്റ്റ്‌സ് വില്ലേജ്. ‘എപ്പിലോഗ്’ എന്നു പേരിട്ട പരിപാടിയില്‍ ഡിസംബര്‍ 31-നു വൈകിട്ട് 7-മുതല്‍ പുതുവര്‍ഷപ്പിറവിവരെ നാലു മ്യൂസിക് ബാന്‍ഡുകള്‍ പാട്ടും മേളവുംകൊണ്ടു രാക്കുളിരകറ്റും. പരിമള്‍ ഷെയിസ്, ഇംബാച്ചി, ഈറ്റില്ലം, മേരി ആന്‍ എന്നിവയാണു ബാന്‍ഡുകള്‍. തുടര്‍ന്നു വെടിക്കെട്ടോടെ 2023-നെ വരവേല്ക്കും.

പുതുവത്സരദിനമായ ജനുവരി 1-വു വൈകിട്ട് നാലുമണിക്കേ പരിപാടികള്‍ തുടങ്ങും. മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ നാടകം എന്ന വിശേഷണമുള്ള ‘സോവിയറ്റ് സ്റ്റേഷന്‍കടവ്’ നാടകം ആണു മുഖ്യ ആകര്‍ഷണം. അസിം അമരവിള നാടകാവിഷ്‌ക്കാരവും സംവിധാനവും നിര്‍വ്വഹിച്ച നാടകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. രാത്രി 8-നാണു നാടകം. അതിനുമുമ്പ് 7 മണിക്ക് ഷൊര്‍ണ്ണൂരില്‍നിന്നുള്ള പദ്മശ്രീ രാമചന്ദ്രപുലവരും സംഘവും അവതരിപ്പിക്കുന്ന പാരമ്പര്യരീതിയിലുള്ള ‘രാമായണം’ തോല്‍പ്പാവക്കൂത്തും ഉണ്ട്.

വൈകിട്ട് 4-നു തിറയാട്ടത്തോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്നു മാന്ത്രികവേളയാണ്. അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ പുരസ്‌ക്കാരം നേടിയ മാന്ത്രികന്‍ ഷംസുദ്ദീന്‍ ചെര്‍പ്പുളശേരിയുടെ ഏറെ ശ്രദ്ധ നേടിയ മാംഗോട്രീ മാജിക്കാണ് ഒരു വിഭവം. മെന്റലിസ്റ്റ് പ്രീത് അഴീക്കോട് അവതരിപ്പിക്കുന്ന ‘മൈന്‍ഡ് ഇറ്റ്!’ (MIND IT!) മെന്റലിസം പരിപാടിയുമുണ്ട്.

പുതുവത്സരരാവില്‍ പാട്ടൊരുക്കുന്നവര്‍ രാജ്യത്തെ യുവാക്കളുടെ ഹരമായ ബാന്‍ഡുകളാണ്. രാജ്യത്തേതന്നെ മികച്ച ഇലക്ട്രോണിക്സ് ഡിജെ പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണു ബംഗളൂരുവില്‍നിന്നുള്ള പരിമള്‍. കേരളത്തിലെ ഹിപ്ഹോപ് സംഗീതത്തിന്റെ തുടക്കക്കാരില്‍ പ്രമുഖനാണ് ഇംബാച്ചി. തിരുവനന്തപുരത്തുനിന്നു പോയി ബംഗളൂരുവില്‍ പോപ് സംഗീതത്തില്‍ സ്ഥാനമുറപ്പിച്ച ഗായികയാണ് മേരി ആന്‍ അലക്‌സാണ്ടര്‍. സാമൂഹികവിഷയങ്ങള്‍ മനോഹരമായും ശക്തമായും അവതരിപ്പിക്കുന്ന മുഴുനീള മലയാളം മെറ്റല്‍ ബാന്‍ഡാണ് തിരുവനന്തപുരത്തിന്റെ സ്വന്തമായ ഈറ്റില്ലം.

പുതുവര്‍ഷം പ്രമാണിച്ച് ഈ രണ്ടു ദിവസവും പുതുവത്സരസമ്മാനങ്ങള്‍ വാങ്ങാന്‍ രണ്ടു സ്റ്റൂഡിയോകള്‍ ഒഴികെ എല്ലാ ക്രാഫ്റ്റ് സ്റ്റുഡിയോയിലെയും ഉത്പന്നങ്ങള്‍ക്കു പത്തുശതമാനം ഡിസ്‌കൗണ്ടും ഉണ്ട്.

ടിക്കറ്റുകള്‍ 9288001166, 9288001155 എന്നീ നമ്പരുകളില്‍ വിളിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യാം.