സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സിന് ക്രിയേറ്റീവ് ഏജന്‍സി ഓഫ് ദ ഇയര്‍ പുരസ്‌കാരം

Posted on: April 14, 2022

തിരുവനന്തപുരം : ബാംഗ്ലൂര്‍ അഡ്വര്‍ടൈസിംഗ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ ബിഗ് ബാംഗ് അവാര്‍ഡില്‍ സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സ് ‘ക്രിയേറ്റീവ് ഏജന്‍സി ഓഫ് ദ ഇയര്‍’ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഒരു സ്വര്‍ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമടക്കം 12 പുരസ്‌കാരങ്ങള്‍ നേടിയാണ് സ്റ്റാര്‍ക്ക് ഈ അംഗീകാരത്തിന് അര്‍ഹമായത്.

തിരുവനന്തപുരം ആസ്ഥാനമായുള്ള ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ സ്റ്റാര്‍ക്കിന് മ്യൂസിക് ഫോര്‍ പീസ് കണ്‍സേര്‍ട്ടിന്റെ പ്രചാരണത്തിനാണ് സ്വര്‍ണം ലഭിച്ചത്. കേരള ടൂറിസം പോലുള്ള പ്രമുഖ ക്ലയന്റുകള്‍ക്കായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലെ മികവിനാണ് മറ്റ് പുരസ്‌കാരങ്ങള്‍. രാജ്യത്തെ അമ്പതോളം ഏജന്‍സികളില്‍ നിന്നുള്ള 400 എന്‍ട്രികളാണ് മത്സരത്തിന് ഉണ്ടായിരുന്നത്.

1994 ല്‍ ആരംഭിച്ച സ്റ്റാര്‍ക്ക് പരസ്യം, ഡിജിറ്റല്‍ അസൈന്‍മെന്റുകള്‍, ഇവന്റ് മാനേജ്‌മെന്റ്, കണ്‍സള്‍ട്ടിംഗ്, മീഡിയ വര്‍ക്ക് എന്നിവയില്‍ തനതായ കൈയൊപ്പ് പതിപ്പിക്കുകയും സമഗ്രമായ ആശയവിനിമയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തതിലൂടെ സ്വന്തമായ ഇടം കണ്ടെത്തിയിട്ടുള്ള സ്ഥാപനമാണ്.

രാജ്യത്തെ ഏറ്റവും പഴയ പരസ്യ ക്ലബ്ബുകളിലൊന്നായ അഡ്വര്‍ടൈസിംഗ് ക്ലബ് ബാംഗ്ലൂര്‍ രണ്ട് പതിറ്റാണ്ടിലേറെയായി ബിഗ് ബാംഗ് അവാര്‍ഡുകള്‍ നല്‍കിവരുന്നുണ്ട്.

ബിഗ് ബാംഗ് പുരസ്‌കാരം സ്റ്റാര്‍ക്കിന്റെ സര്‍ഗാത്മകതയ്ക്കുള്ള അംഗീകാരമാണെന്നും കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ ഇത് പ്രചോദനമേകുമെന്നും സ്റ്റാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ റോയ് വി. മാത്യു പറഞ്ഞു. ഏഴാം തവണയാണ് സ്റ്റാര്‍ക്ക് ബിഗ് ബാംഗ് പുരസ്‌കാരം നേടുന്നതെന്നും ഇത്തവണത്തെ നേട്ടം ഏറെ പ്രത്യേകതയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെയും പുറത്തെയും പരസ്യമേഖലയിലെ വിദഗ്ധര്‍, മാര്‍ക്കറ്റിംഗ്, മീഡിയ, പിആര്‍, ഡിജിറ്റല്‍ പ്രൊഫഷണലുകള്‍, ആരോഗ്യപരിപാലന വിദഗ്ധര്‍, ടെക്‌നോ-സംരംഭകര്‍ എന്നിവരടങ്ങുന്ന ഉന്നത ജൂറിയാണ് ഓണ്‍ലൈന്‍ വഴി നടത്തിയ മത്സരം വിലയിരുത്തിയത്.

വെല്ലുവിളിഘട്ടങ്ങളെ അതിജീവിക്കാനുള്ള സമയോചിതമായ പ്രോത്സാഹനമാണ് ഈ അംഗീകാരമെന്ന് സ്റ്റാര്‍ക്ക് എക്‌സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടര്‍ ഷെല്‍ട്ടണ്‍ പിനേറോ പറഞ്ഞു. ഡിസൈന്‍, പ്രിന്റ്, ഔട്ട് ഓഫ് ഹോം അഡ്വര്‍ടൈസിംഗ്-ഓണ്‍ലൈന്‍ പരിപാടികള്‍, മികച്ച പ്രചാരണങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും ബിഗ് ബാംഗില്‍ സ്റ്റാര്‍ക്ക് വിജയിച്ച എന്‍ട്രികള്‍ കാലോചിതമായ പരസ്യങ്ങളുടെ വൈവിധ്യമാര്‍ന്ന പ്രതിഫലനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.