മാഗ് വേള്‍ഡ് എക്‌സ്‌പോ മാര്‍ച്ചില്‍

Posted on: February 25, 2022

കൊച്ചി : മൊബൈല്‍ ഫോണ്‍, ഗാഡ്ജറ്റ്, നിത്യോപയോഗ ഉത്പന്നങ്ങള്‍ എന്നിവയിലെ മുന്‍ നിര ബ്രാന്റുകളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന മാഗ് വേള്‍ഡ് എക്‌സ്‌പോ ബാംഗളൂരുവില്‍ വച്ച് നടക്കും. മാര്‍ച്ച് പത്ത് മുതല്‍ പന്ത്രണ്ട് വരെ വൈറ്റ്ഫീല്‍ഡ്, കെടിപിഒ എക്‌സിബിഷന്‍ സെന്ററിലാണ് പ്രദര്‍ശനം. മൊബൈല്‍, ആക്‌സസറീസ്, ഗാഡ്ജറ്റ് എന്നിവയ്ക്ക് മാത്രമായുള്ള രാജ്യത്തെ ആദ്യത്തെ മേളയാണിത്. ഇന്ത്യയിലെ മുന്‍നിര ബിടുബി എക്‌സിബിഷന്‍, ഇവന്റ് കമ്പനിയായ വിര്‍ഗോ കമ്മ്യൂണിക്കേഷന്‍സ് ആന്റ് എക്‌സിബിഷന്‍സാണ് എക്‌സപോയുടെ അവതാരകര്‍. ആഗോള രംഗത്തെ പ്രമുഖ ബ്രാന്റുകള്‍ക്ക് അവരുടെ ഏറ്റവും പുതിയ ഉത്പന്നങ്ങളും സാങ്കേതിക വിദ്യയും, വിതരണക്കാര്‍ക്കും ചില്ലറ വ്യാപരികള്‍ക്കും പരിചയപ്പെടുത്താനുള്ള വേദിയൊരുക്കുകയാണ് ലക്ഷ്യം.

2024 ഓടെ ഇന്ത്യയിലെ മൊബൈല്‍ ആക്‌സസറീസ് വിപണി 35,000 കോടിയിലേക്ക് കുതിക്കുമെന്നാണ് വിലയിരുത്തുന്നത്. അതിവേഗം വളരുന്ന വിപണി സാധ്യതകളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാന്‍ എക്‌സ്‌പോയ്ക്കാകുമെന്ന് വിര്‍ഗോ കമ്മ്യൂണിക്കേഷന്‍സ് ആന്റ് എക്‌സിബിഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അനിത രഘുനാഥ് പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് മാത്രം രണ്ട് ലക്ഷം റീട്ടെയ്‌ലുകാര്‍ എക്‌സപോയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കിയതായും അനിത രഘുനാഥ് അറിയിച്ചു.

പ്രമുഖ മൊബൈല്‍ ആക്‌സസറീസ് സ്ഥാപനമായ മൊബില്ലയാണ് എക്‌സ്‌പോയുടെ പ്രധാന സ്‌പോണ്‍സര്‍. ദക്ഷിണേന്ത്യന്‍ വിപണിയില്‍ ചലനാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എക്‌സ്‌പോയ്ക്ക് ആകുമെന്ന് മൊബില്ല സഹ സ്ഥാപകന്‍ ഹെതല്‍ ഷാ വ്യക്തമാക്കി. സാധാരണ വന്‍കിട മേളകള്‍ ദില്ലിയിലും മുംബൈയിലുമാണ് കൂടുതല്‍ നടക്കാറുള്ളത്. അതില്‍ നിന്ന് വ്യത്യസ്തമായി ബംഗളുരൂവില്‍ എക്‌സപോ നടത്തുന്നത് പ്രശംസനീയമാണെന്ന് യു ആന്റ് ഐ സ്ഥാപകന്‍ പരേശ് വിജ് പ്രതികരിച്ചു. വിര്‍ഗോ കമ്മ്യൂണിക്കേഷന്‍സിനെ ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദിക്കുന്നതായും പരേശ് വിജ് പറഞ്ഞു.

മാഗ് വേള്‍ഡ് എക്‌സ്‌പോയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.magworldexpo.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

 

TAGS: Mag World Expo |