നോഷന്‍ പ്രസ് മലയാളത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

Posted on: February 11, 2022

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തക പ്രസിദ്ധീകരണശാലയായ നോഷന്‍ പ്രസ് മലയാളത്തിലേക്കും കടക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്താനും പുസ്തകങ്ങള്‍ പ്രസിദ്ധകരിക്കാനും ആഗ്രഹിക്കുന്ന മലയാളത്തിലെ എഴുത്തുകാര്‍ക്ക് ഇത് ഏറെ സന്തോഷം നല്‍കുന്നൊരു വാര്‍ത്തയാണ്. ഉപയോഗിക്കാന്‍ എളുപ്പത്തിലുള്ള ഓണ്‍ലൈന്‍ മാര്‍ഗ്ഗത്തിലൂടെ എഴുത്തുകാര്‍ക്ക് മൂന്ന് ഘട്ടങ്ങളിലായി തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാം. ഈ പ്രക്രിയയില്‍ ഉടനീളം എഴുത്തുകാര്‍ക്ക് ഇ-മെയിലും ചാറ്റിംഗും വഴി എല്ലാ പിന്തുണയും സ്ഥാപനം നല്‍കും.

ഹിന്ദി, മറാത്തി, തമിഴ്, മലയാളം തുടങ്ങിയ വിവിധ ഇന്ത്യന്‍ ഭാഷകളിലെ രചനകളാണ് നോഷന്‍പ്രസ് പ്രസിദ്ധകരിക്കുന്നത്. അതായത് ഇന്ത്യന്‍ എഴുത്തുകാര്‍ക്ക് അവരുടെ സാഹിത്യസൃഷ്ടികള്‍ പേപ്പര്‍ബാക്കിലും ഇ-ബുക്ക് ഫോര്‍മാറ്റായിട്ടും പ്രസിദ്ധീകരിക്കാന്‍ കഴിയും. നൂറോളം രാജ്യങ്ങളിലെ വായനക്കാരിലേക്കാണ ഈ സാഹിത്യരചനകള്‍ എത്തുന്നത്.

ഇന്ത്യന്‍ ഭാഷകളിലുള്ള പുസ്തകകങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും വരും വര്‍ഷങ്ങളിലും ഇത് വന്‍ തോതില്‍ വളരുമെന്നും, നോഷന്‍ പ്രസ് സി.ഇ.ഒ നവീന്‍ വല്‍സകുമാര്‍ പറഞ്ഞു. ഇന്ത്യന്‍ ഭാഷകളില്‍ ഏത് സാഹിത്യശാഖയില്‍ ആയാലും, അത് കവിതയാകട്ടെ,  ഫിക്ഷനാകട്ടെ, അക്കാദമിക് പുസ്തകങ്ങളാകട്ടെ, നമുക്ക് വളരെ സമ്പന്നമായ ഒരു വൈവിധ്യമുണ്ട്. ഇത്തരത്തില്‍ വന്‍ സാധ്യതകളുള്ള ഒരു വിപണിയില്‍ പ്രവേശിക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും, അദ്ദേഹം വ്യക്തമാക്കി.

വായനക്കാര്‍ക്ക് സമാനതകളില്ലാത്ത വായനാനുഭവം നല്‍കാന്‍ ലോകോത്തര നിലവാരത്തിലുള്ള കഥകളുമായി നോഷന്‍പ്രസ് സജീവമാകുമെന്നും നവീന്‍ വല്‍സകുമാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ പബ്ലിഷിംഗ് രംഗത്തെ ആദ്യകാല സംരംഭങ്ങളില്‍ ഒന്നായ നോഷന്‍ പ്രസിന്റെ ഏററവും വലിയ പ്രത്യേകത അത് 30 മിനിട്ടിനുള്ളില്‍ മികച്ച നിലവാരമുള്ള പുസ്തകങ്ങള്‍ പ്രസിദ്ധകരിക്കാന്‍ എഴുത്തുകാരെ പ്രാപ്തരാക്കുന്നു എന്നതാണ്. എഴുത്തുകാര്‍ക്ക് ആദ്യം മുതല്‍ അവസാനം വരെ ഐ.ടി ടൂളുകളുടെ സഹായത്തോടെ സമ്പൂര്‍ണ സര്‍ഗാത്മക സഹായവും നോഷന്‍ പ്രസ് ഉറപ്പ് നല്‍കുന്നു. ഇതിന്റെ മറ്റൊരു പ്രത്യേകത സ്ഥാപനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും തികച്ചും സൗജന്യമാണ് എന്നതാണ്.

2012 ല്‍ ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ച നോഷന്‍ പ്രസിന് ലോകമെമ്പാടുമുള്ള എഴുത്തുകാരുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനം നടത്തുന്നത്. ഇതിനോടകം നാല്‍പ്പതിനായിരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച കമ്പനി 150 ലധികം രാജ്യങ്ങളില്‍ അതിന്റെ വില്‍പ്പന നടത്തുകയും ചെയ്യുന്നു. പുസ്‌കത പ്രസിദ്ധീകരണം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും പുതിയ എഴുത്തുകാരെ വളര്‍ന്ന് വരാന്‍ സഹായകരമായ രീതിയില്‍ അവസരങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നവീന്‍ വല്‍സകുമാര്‍ പറഞ്ഞു. ഇന്ത്യയില്‍ എവിടെ നിന്നും ആര്‍ക്കും ഏത് സമയത്തും ഏത് ഭാഷയിലും എഴുതുകയോ വായിക്കുകയോ ചെയ്യാവുന്ന അവസ്ഥ സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ പ്രാദേശിക ഭാഷാ എഴുത്തുകാരെ കൂടാതെ, വിശിഷ്ടരായ എഴുത്തുകാരെയും ഗവേഷകരേയും കവികളേയും ചരിത്രകാരന്‍മാരേയും മാധ്യമപ്രവര്‍ത്തകരേയും ഫിക്ഷന്‍ എഴുത്തുകാരേയും ലോകവേദിയില്‍ അവതരിപ്പിക്കുന്ന കാര്യത്തിലും നോഷന്‍ പ്രസ് പ്ലാറ്റ് ഫോം വന്‍ വിജയം കൈവരിച്ചതായും നവീന്‍ വല്‍സകുമാര്‍ വ്യക്തമാക്കി.

 

TAGS: Notionpress.com |