കാലവസ്ഥാ മുന്നറിയിപ്പ് : മത്സ്യത്തൊഴിലാളികളുടെ നഷ്ടം നികത്താന്‍ ഇന്‍ഷുറന്‍സ് ഏര്‍പെടുത്തണം- മുരളി തുമ്മാരുകുടി

Posted on: December 30, 2020

കൊച്ചി: കാലാവസ്ഥാ മുന്നറിയിപ്പ് കാരണം മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാത്ത നഷ്ടം നികത്താന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് ഏര്‍പെടുത്തണമെന്ന് ഡോ മുരളി തുമ്മാരുകുടി. ഈയിടെയായി വര്‍ധിച്ചുവരുന്ന ചുഴലിക്കാറ്റുകള്‍ കാരണം ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

പ്രത്യേക ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തുന്നതിലൂടെ മുന്നറിയിപ്പുകളുമായി മത്സ്യത്തൊഴിലാളികള്‍ പൂര്‍ണമായി സഹകരിക്കാന്‍ വഴിയൊരുക്കും. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടുള്ള പ്രകൃതിദുരന്തങ്ങളാണ് വരും കാലങ്ങളില്‍ മത്സ്യമേഖലയ്ക്ക് ഏറെ ഭീഷണി ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിച്ച വെബിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു
ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതി ക്രൈസിസ് മാനേജ്‌മെന്റ് വിഭാഗം ഓപറേഷന്‍സ് മാനേജറായ മുരളി തുമ്മാരുകുടി.

റോഡപകടം, മുങ്ങിമരണം തുടങ്ങിയ അപകടങ്ങളെ ചെറുക്കുന്നതിന് സുരക്ഷാ മുന്‍കരുതലുകള്‍ സ്‌കൂള്‍തലങ്ങളില്‍ പാഠ്യവിഷയമാക്കണം. മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ ഒഴിവാക്കാനും പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും ഇത്തരം ബോധവല്‍കരണമാര്‍ഗങ്ങള്‍ സഹായകരമാകും. അടുത്ത വര്‍ഷം സെപ്തംബറോടെ മാസ്‌കില്ലാതെ പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥല-കാല സ്വഭാവങ്ങള്‍ പഠനവിധേയമാക്കി ദുരന്തങ്ങളെകുറിച്ച് പ്രവചിക്കാനാകും. ദുരന്ത സാധ്യതകള്‍ മനസ്സിലാക്കി മുന്‍കരുതലെടുക്കുന്നതാണ് പ്രകൃതിദുരന്തങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

സിഎംഎഫ്ആര്‍ഐ നടത്തിവരുന്ന സ്വച്ഛഭാരത് കാംപയിനിന്റെ ഭാഗമായാണ് വെബിനാര്‍ സംഘടിപ്പിച്ചത്. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍, സിഎംഎഫ്ആര്‍ഐ സ്വച്ഛഭാരത് നോഡല്‍ ഓഫീസര്‍ ഡോ ശ്യാം എസ് സലീം, ഡോ രേഖ ജെ നായര്‍, ഡോ മിറിയം പോള്‍ ശ്രീറാം എന്നിവര്‍ പ്രസംഗിച്ചു.