മുഖാവരണം അണുവിമുക്തമാക്കുവാന്‍ ആട്ടോമാറ്റിക് സംവിധാനം

Posted on: June 13, 2020

കൊച്ചി : കോവിഡ്19 വൈറസ് ബാധയില്‍ നിന്നും സുരക്ഷിതത്വം പാലിക്കുന്നതിന് ഉപയോഗിക്കുന്ന മാസ്‌ക് അണുമുക്തമാക്കുന്നതിനുള്ള ആട്ടോമാറ്റിക്ക് സംവിധാനം കൊച്ചി കേന്ദ്രമായുള്ള സ്റ്റാര്‍ട്ട്അപ് കമ്പനി പുറത്തിറക്കി. ബിന്‍19 എന്നു പേരിലുള്ള ഈ സംവിധാനത്തിന്റെ ഔപചാരിക ഉദ്ഘാടനം എറണാകുളം ജില്ലാ കളക്ടര്‍ എസ്സ് സുഹാസ് തിങ്കളാഴ്ച ജില്ലാ ഭരണകേന്ദ്രമായ കളക്ടറേറ്റ് വളപ്പില്‍ നിര്‍വഹിച്ചു.

സംസ്ഥാനത്ത് ഇത്തരമൊരു സംവിധാനം ആദ്യമാണെന്നും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടാണെന്നും കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. ആരോഗ്യമേഖലയില്‍ ലോകപ്രശസ്തമായ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് ഈ സംവിധാനം ഒരുക്കിയതെന്നു നിര്‍മാതാക്കളായ വി.എസ്സ്.ടി മൊബൈല്‍ സൊലൂഷന്‍സിന്റെ സിഇഒ ആല്‍വിന്‍ ജോര്‍ജ് പറഞ്ഞു.

ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഈ സംവിധാനം പൂര്‍ണ്ണമായും മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്, അദ്ദേഹം പറഞ്ഞു. ഉപയോഗിച്ചു കഴിഞ്ഞ മുഖാവരണം അണുവിമുക്തമാക്കുന്ന പ്രക്രിയ പൂര്‍ണ്ണമായും ആട്ടോമാറ്റിക്കലാണ്. മുഖാവരണം യന്ത്രത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഈ യന്ത്രത്തില്‍ സ്പര്‍ശിക്കാതെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുവാനുള്ള സംവിധാനവും ഇതില്‍ ലഭ്യമാണ്. ശ്രീ ചിത്ര ലാബില്‍ നടത്തിയ സാങ്കേതികമായ പരിശോധനകള്‍ പൂര്‍ത്തിയായതിനുശേഷമാണ് ഈ സംവിധാനം വിപണിയിലെത്തുന്നത്.

സംവിധാനത്തിലെ ഐഒടി സവിശേഷതകള്‍

1: ആട്ടോമാറ്റിക്കായ സാനിറ്റൈസര്‍
2: ബിന്‍19 കണ്ടെത്തുന്നതിനുള്ള മൊബൈല്‍ സംവിധാനം
3: വെബ് പോര്‍ടല്‍ വഴിയുള്ള മുന്നറിയിപ്പുകള്‍, വൈദ്യുതി ഓണ്‍/ഓഫ് മുന്നറിയപ്പുകള്‍

അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുവിമുക്തി നേടാനുള്ള യുവിസ്പോട് എന്ന ഉപകരണമാണ് കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി വി.എസ്സ്.ടി സൊലൂഷന്‍സ് പുറത്തിറക്കിയ മറ്റൊരു സംവിധാനം. അള്‍ട്രാ വയലറ്റ് രശ്മികളുടെ വിളക്ക് ഉപയോഗിച്ച് വൈവിധ്യങ്ങളായ അണുവിമുക്തി പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതാണ് ഈ ഉപകരണമെന്നു ശ്രീ.ജോര്‍ജ് പറഞ്ഞു. വിവിധ തരത്തിലുള്ള സൂക്ഷ്മാണു ജീവികളില്‍ നിന്നും പരിരക്ഷ ഉറപ്പുവരുത്തുന്ന നിലയിലാണ് ഉപകരണം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ശ്രീ ചിത്ര ലാബിന്റെ സാങ്കേതിക പരിശോധനക്കും അനുമതിക്കും ശേഷമാണ് യുവിസ്പോട്ട് വിപണിയിലെത്തുന്നത്.