25 വര്‍ഷത്തിനുള്ളില്‍ കാൻസർ മുക്ത കേരളം സാധ്യം: ഡോ.വി.പി ഗംഗാധരന്‍

Posted on: February 5, 2020


കൊച്ചി : കേരളത്തെ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ കാൻസർ മുക്ത സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. വി.പി.ഗംഗാധരന്‍. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ബിപിസിഎല്‍-കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെ ആരംഭിച്ച മിഷന്‍ കാൻസർ
കെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാൻസർ രോഗികള്‍ ഉളളത് കേരളത്തിലും, മിസോറാമിലുമാണ്. കേരളത്തിലെ ഓരോ മരണത്തിന്റെയും കാരണം രേഖപ്പെടുത്തുന്നതിനാലും, കേരളത്തിലെ ഉയര്‍ന്ന ആയുര്‍ ദൈര്‍ഘ്യവുമാണ് ഈ കണക്കിന് ആധാരം.

ഏതു പ്രായക്കാരിലും കാൻസർ വരാമെങ്കിലും ചികിത്സമാത്രമല്ല പ്രതിവിധി. കാൻസർ
പ്രതിരോധത്തിന് മുഖ്യമായും മൂന്ന് വിഴികളാണുള്ളത്. ആദ്യത്തേത് പുകയില, മദ്യം, അശ്ശാസ്ത്രീയമായ ഭക്ഷണക്രമം എന്നിവയുടെ നിയന്ത്രണമാണ്. സ്വന്തം ശരീരത്തെയും, സ്വന്തം ആരോഗ്യത്തെയും അറിയുന്നതിന് സ്‌കൂള്‍ തലത്തില്‍ തന്നെ മതിയായ ബോധവല്‍ക്കരണം അനിവാര്യമാണ്. രണ്ടാമത്തേത് തുടക്കത്തിലെ തന്നെ കണ്ടെത്തിയുള്ള ചികിത്സ. സ്തനാര്‍ബുദം, അണ്ഡാശയ കാൻസർ  തുടങ്ങിയവ തുടക്കത്തിലെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ചികിത്സയിലൂടെ സുഖപ്പെടുത്താം.

മൂന്നാമത്തേത് മറ്റ് അസുഖം എന്ന പോലെ തന്നെ കാൻസറിനെയും ആവശ്യമായ ചികിത്സ ലഭ്യമാക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാൻസർ ദിന അവബോധത്തിന്റെ ഭാഗമായി ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് നേഴ്സിംഗ് കോളേജിലെ 25 നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ 26 പേര്‍ കാൻസർ രോഗികള്‍ക്ക് വിഗ്ഗിനായി മുടിയും മുറിച്ചു നല്‍കിയതിനെയും ഡോ. ഗംഗാധരന്‍ പ്രശംസിച്ചു. തൃശ്ശൂര്‍ മിറാക്കിള്‍ ഹെയര്‍ ബാങ്കാണ് വിദ്യാര്‍ത്ഥിനികളുടെ മുടി മുറിച്ച് വിഗ്ഗ് നിര്‍മ്മിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക സഹായം കേളേജ് പ്രിന്‍സിപ്പാള്‍ കെ.ആര്‍ നിര്‍മ്മല ഡോ.ഗംഗാധരന് കൈമാറി.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ ജി.അനന്തകൃഷ്ണന്‍ ആശുപത്രിയിലെ കുട്ടികളുടെ ക്യാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള ധാരണാ പത്രം കൈമാറി. ബി.പി.സി.എല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.മുരളി മാധവന്‍ മുഖ്യപ്രഭാക്ഷണം നടത്തി. റിഫൈനറി എച്ച്.ആര്‍ ജനറല്‍ മാനേജര്‍ കുര്യന്‍ പി.ആലപ്പാട്ട്, പി.ആര്‍ ആന്റ് അഡ്മിന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ്, സി.എസ്.ആര്‍ ചീഫ് മാനേജര്‍ വിനീത് എം.വര്‍ഗീസ് എന്നിവരും , ആശുപത്രി ചെയര്‍മാന്‍ എം.ഒ. ജോണ്‍, സെക്രട്ടറി അജയ് തറയില്‍, വൈസ് പ്രസിഡന്റ് ഡോ. ഹസീന മുഹമ്മദ്, ഡയറക്ടര്‍മാരായ പി.വി. അഷറഫ്, നവാസ് അബ്ദുള്ള, സി.പി.ആര്‍ ബാബു, ഇക്ബാല്‍ വലിയവീട്ടില്‍,ഡോ.സി.കെ.ബാലന്‍, ഡോ. എസ് സച്ചിദാന്ദ കമ്മത്ത് എന്നിവരും പ്രസംഗിച്ചു.