ജലസംരക്ഷണ സന്ദേശം നല്‍കി സോണിയുടെ സൈക്കിള്‍ പര്യടനം

Posted on: January 30, 2020

മുംബൈ : ജലസംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മീഡിയ കമ്പനിയായ സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്ക് ഇന്ത്യ സൈക്കിള്‍ പര്യടനം തുടങ്ങി. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ജനുവരി 26 ന് തുടക്കമിട്ട പര്യടനം 60 ദിവസം നീണ്ടുനില്‍ക്കും.

മലകയറ്റത്തിലും സൈക്കിള്‍ ഓട്ടത്തിലും വിദഗ്ധരായ മോഹിത് തോമറും മിതേഷ് സിങ്ങും നടത്തുന്ന റോഡ് യാത്രയില്‍ 6500 കിലോമീറ്റര്‍ പിന്നിടും. വിയറ്റ്‌നാമിലെ ഹോചിമിന്‍ നഗരത്തിലാണ് സൈക്കിള്‍ പര്യടനം അവസാനിക്കുക. ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്‍മര്‍, തായ്‌ലന്റ്, കംബോഡിയ, വിയറ്റ്‌നാം എന്നീ ആറ് രാജ്യങ്ങളിലൂടെയാണ് സൈക്കിള്‍ പ്രകടനം കടന്നുപോകുന്നത്. ലോകം നേരിടുന്ന ജലദൗര്‍ലഭ്യ ഭീക്ഷണിയെപ്പറ്റിയും ജലം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും 30 സ്‌കൂളുകളില്‍ രണ്ടംഗസംഘം ബോധവത്കരണ ക്ലാസുകള്‍ നയിക്കും. മൂവായിരം കുട്ടികള്‍ക്ക് ഇവര്‍ ജലസംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചുള്ള അറിവുകള്‍ പകരും.