ജി എസ് ടി പിഴ നടപടികൾ നിർത്തിവയ്ക്കണമെന്ന് ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ്

Posted on: January 29, 2020

കൊച്ചി : ജി എസ് ടി സർവറിലെ തകരാർ പരിഹരിക്കണമെന്നും അതുവരെ പിഴ നടപടികൾ നിർത്തി വയ്ക്കണമെന്നും ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് ദക്ഷിണേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. എം. ഗണേശൻ പെരിന്തൽമണ്ണ ആവശ്യപ്പെട്ടു.സാങ്കേതിക തകരാറുകൾ മുലം വാർഷിക റിട്ടേൺ ഫയൽ ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ഈ വർഷം മാർച്ച് 31 വരെ സമയം അനുവദിച്ചു തരണമെന്നും ആവശ്യപെട്ടു.

ഈ മാസം വിരമിക്കുന്ന സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വര റാവു ഐആർഎസിന് ഫെഡറേഷന്റെ നേതൃത്വത്തിൽ എറണാകുളം ആയ്കാർ ഭവനിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക കാരണങ്ങളാൽ അന്തിമ റിട്ടേൺ ഫയൽ ചെയ്യാൻ വിട്ടു പോയ വ്യാപാരം അവസാനിപ്പിച്ചവർക്ക് ഒരവസരം കൂടി നൽകണമെന്നും ഭീമമായ പിഴ നടപടികൾ ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 2016 മുതൽ ജിഎസ്ടി കേരളത്തിൽ നടപ്പിലാക്കിയതിന്റെ ചുമതലക്കാരൻ എന്ന നിലയിൽ സുത്യർഹമായ സേവനമാണ് നാഗേശ്വര റാവു നിർവ്വഹിച്ചതെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. ഫസലുദ്ദീൻ പറഞ്ഞു.

ജി എസ് ടി യിൽ ഇനിയും ഒരു പാട് മാറ്റങ്ങൾ കൊണ്ടുവരാനുണ്ടെന്നും ഉടൻ തന്നെ പുതിയ മാറ്റങ്ങൾ നടപ്പിലാക്കുമെന്നും പുല്ലേല നാഗേശ്വര റാവു പറഞ്ഞു. ഫെഡറേഷൻ അംഗങ്ങളും ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്തരും പങ്കെടുത്ത യാത്രയയപ്പ് യോഗത്തിൽ അഡ്വ.കിരൺ കോട്ടയം, വി.എൻ.അനിൽ പാലക്കാട്, പി.ആർ.ഒ.മധു എന്നിവരും പ്രസംഗിച്ചു.