സുരക്ഷിത ഓണ്‍ലൈന്‍ ഉപയോഗം : ബോധവല്‍ക്കരണ ക്വിസുമായി ടിക് ടോക്

Posted on: January 29, 2020

കൊച്ചി : ആഗോളതലത്തില്‍ ആഘോഷിക്കുന്ന ഡാറ്റാ സ്വകാര്യതാ ദിനത്തില്‍ ഡാറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ(ഡിഎസ്സിഐ)യും ടിക് ടോകും ചേര്‍ന്ന് വിജ്ഞാനപ്രദവും സംവേദനാത്മകവുമായ ഓണ്‍ലൈന്‍ ക്വിസ് ആരംഭിച്ചു. സുരക്ഷിത ഓണ്‍ലൈന്‍ പരിശീലനങ്ങളെക്കുറിച്ച് അവബോധം വ്യാപിപ്പിക്കുന്നതിനാണിത്. ജനുവരി 28 ന് ആരംഭിച്ച ക്വിസ് ഫെബ്രുവരി 3 വരെ ലഭ്യമായിരിക്കും.

ഗ്ലോബല്‍ വെബ് ഇന്‍ഡക്സിന്റെ സോഷ്യല്‍ മീഡിയ ട്രെന്‍ഡ്സ് 2019 റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ ചെലവഴിക്കുന്ന ശരാശരി സമയം 2.4 മണിക്കൂറാണ്. വര്‍ധിച്ചുവരുന്ന ഡാറ്റാ ഉപഭോഗവും ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന സമയത്തിന്റെ വര്‍ധനവും കാരണം സ്വകാര്യതാ നടപടികളെക്കുറിച്ചും അതിനായി പാലിക്കേണ്ട തത്വങ്ങളെക്കുറിച്ചും ഉപയോക്താക്കള്‍ അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്.
സ്വകാര്യത ആഘോഷിക്കുന്നതിന് ആഗോളതലത്തില്‍ ഒരു ദിവസം ഉണ്ടായിരിക്കുന്നത് സ്വകാര്യതാ അവബോധം എന്ന വലിയ ലക്ഷ്യത്തിന് പ്രചോദനമാകുകയും വ്യക്തിഗത ഡാറ്റാ കൈകാര്യം ചെയ്യുന്നതില്‍ ഉപയോക്തൃ കേന്ദ്രീകൃത ശ്രദ്ധ ആകര്‍ഷിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് ഡിഎസ്സിഐ സി.ഇ.ഒ. രമ വേദശ്രീ പറഞ്ഞു.

സാമൂഹിക നന്മയ്ക്കും പോസിറ്റീവായ മാറ്റത്തിനും സഹായകമാകുന്ന പ്ലാറ്റ്ഫോമായി ടിക് ടോകിനെ മാറ്റാനുള്ള ദീര്‍ഘകാല സംരംഭമായ ടിക് ടോക് ഫോര്‍ ഗുഡിന്റെ ഭാഗമായാണ് ഡിഎസ്സിഐയുമായുള്ള പങ്കാളിത്തം. ഉപയോക്താക്കള്‍ക്കിടയില്‍ ഉത്തരവാദിത്തബോധം വളര്‍ത്താനും സ്വന്തം ഓണ്‍ലൈന്‍ സ്വകാര്യതയുടെയും സുരക്ഷയുടെയും ചുമതല ഏറ്റെടുക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യാന്‍ ലക്ഷ്യമിട്ടാണ് സംരംഭം. ‘ സ്വകാര്യത എല്ലാവരുടെയും ഉത്തരവാദിത്തമാണ് ‘ എന്ന 2020 ഡാറ്റാ സ്വകാര്യതാ ദിനത്തിന്റെ തീമിന് അനുസൃതമായി സ്വകാര്യതയെക്കുറിച്ചുള്ള രസകരമായ ചോദ്യങ്ങളായിരിക്കും ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക.

മുന്‍നിര ടെക്നോളജി കമ്പനിയെന്ന നിലയില്‍ സുരക്ഷിതവും ഉത്തരവാദിത്തപൂര്‍ണ്ണവുമായ ഇന്റര്‍നെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതിന് ഞങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നുവെന്നും ഡിഎസ്സിഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ടിക് ടോക് ഫോര്‍ ഗുഡ് ഇന്ത്യ ഹെഡ് ഡോ. സുബി ചതുര്‍വേദി പറഞ്ഞു.

TAGS: Tik Tok |