മാന്ത്രികനു മുന്നില്‍ മാന്ത്രികച്ചെപ്പ് തുറന്ന് കൊച്ചുകുട്ടികള്‍

Posted on: January 21, 2020

കൊച്ചി : തലച്ചോറും കൈവിരലുകളും ഉപയോഗിച്ച് കൊച്ചുകുട്ടികള്‍ നടത്തിയ ഇന്ദ്രജാലം കണ്ട് മജീഷ്യന്‍ ഗോപിനാഥ് മുതുകാടും ഒന്ന് വിസ്മയിച്ചു. എസ്എംഎ അബാക്കസ് കൊച്ചിയില്‍ നടത്തിയ 14-ാമത് ദേശീയ പ്രതിഭാ മത്‌സര വേദിയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു മുതുകാട്.

വര്‍ഷവും മാസവും തീയതിയും നല്‍കിയാല്‍ എത്ര വര്‍ഷം മുന്‍പാണെങ്കിലും അത് ആഴ്ചയിലെ ഏത് ദിവസമാണെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പറയാന്‍ കഴിയുന്ന കുട്ടികള്‍ – 1956 മെയ് 24 എന്ന് സദസ്സില്‍ നിന്ന് നിര്‍ദേശിച്ചപ്പോള്‍ ഉടന്‍ തന്നെ വ്യാഴാഴ്ച എന്ന ഉത്തരം വന്നു. അത് പോലെ 1981 ഫെബ്രുവരി 21 ശനിയാഴ്ചയെന്നും 2007 സെപ്തംബര്‍ 16 ഞായറെന്നും 2022 ഒക്‌ടോബര്‍ 5 ബുധന്‍ എന്നും നിഷ്പ്രയാസം പറയുന്നുണ്ടായിരുന്നു. 20 അക്ക നമ്പറുകള്‍ മനസ്സിലും കൈവിരലുകളിലുമായി കുട്ടികള്‍ കൂട്ടിയും കിഴിച്ചു ഹരിച്ചും ഗണിച്ചും നിഷ്പ്രയാസം ഉത്തരം നല്‍കിയപ്പോള്‍ കാല്‍ക്കുലേറ്ററുമായി എത്തിയ ഒരു രക്ഷിതാവിന് അത്ര കുറഞ്ഞ സമയംകൊണ്ട് ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല.

മൃദംഗം വായിച്ചുകൊണ്ട് കൃത്യമായി കണക്കുകൂട്ടി ഉത്തരം നല്‍കിയ എരൂരിലെ നവനീത് എല്ലാവരേയും അതിശയിപ്പിച്ചു. 10 ഒറ്റക്ക നമ്പറുകളുടെ മൂന്ന് നിരയും രണ്ടക്ക നമ്പറുകളുടെ 5 നിരയുമാണ് കുട്ടി യാതൊരു തെറ്റും കൂടാതെ കൂട്ടിപ്പറഞ്ഞത്.

സദസ്സില്‍ നിന്ന് നിര്‍ദേശിക്കപ്പെട്ട 20 വസ്തുക്കളുടെ പേരുകള്‍ അല്‍പ സമയത്തിനു ശേഷം ഓര്‍മയി നിന്ന് ക്രമമായി ആവര്‍ത്തിച്ചുകൊണ്ട് ടാനിയാ സഹോദരിമാരും കയ്യടി നേടി.

3000-ത്തിലെറെ കുട്ടികള്‍ പങ്കെടുത്ത മല്‍സരങ്ങളില്‍ സീനിയര്‍ വിഭാഗത്തില്‍ കോഴിക്കോട്, ബാലുശ്ശേരി പനങ്ങാട് നോര്‍ത് എ.യു.പി. സ്‌കൂളിലെ ടി.കെ. നേഹയും ജൂനിയര്‍ വിഭാഗത്തില്‍ വൈക്കം ശ്രീ ശങ്കര വിദ്യാലയത്തിലെ വി. ശ്രീലക്ഷ്മിയും ചാമ്പ്യന്‍മാരായി. സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം കൊല്ലം തേവലക്കര അയ്യന്‍കോയിക്ക ജിഎച്ച്എസ്എസ്സിലെ എസ്. ആകാഷും ആലുവ ജ്യോതിനിവാസ് സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ ജോഫിന്‍ ജോസും രണ്ടാം സ്ഥാനം പങ്കിട്ടു. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്‌ളിക് സ്‌കൂളിലെ സോഫിയ ആല്‍ഫി ഷിബുവിനാണ് മൂന്നാം സ്ഥാനം. ജൂനിയര്‍ വിഭാഗം രണ്ടാം സ്ഥാനം എളമക്കര സരസ്വതി വിദ്യാനികേതനിലെ ശ്രീശങ്കരിയും തിരുവനന്തപുരം ചന്തവിള സെന്റ് തോമസ് പബ്‌ളിക് സ്‌കൂളിലെ ജോയ എ. മാത്യുവും നേടി. കൊച്ചി സ്‌കൂളിലെ ചോയ്‌സ് ജോയന്ന സച്ചിനാണ് മൂന്നാം സ്ഥാനം. ഹൈസ്പീഡ് അബാക്കസ് മല്‍സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം എച്ച്. ഹരികൃഷ്ണന്‍ (ശ്രീബുദ്ധാ സെന്‍ട്രല്‍ സ്‌കൂള്‍, കരുനാഗപ്പള്ളി) നിരഞ്ജന മനയില്‍(ഭവന്‍സ് മുന്‍ഷി വിദ്യാശ്രമം, തിരുവാങ്കുളം), അഭിനന്ദ് രാജേഷ് (ഭവന്‍സ് മുന്‍ഷി വിദ്യാലയം, തിരുവാങ്കുളം) എന്നിവര്‍ കരസ്ഥമാക്കി.

ഉദ്ഘാടന ച്ചടങ്ങില്‍ കേരള സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലതാരം ജാനകി മേനോന്‍, എസ്എംഎ അബാക്കസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്റ്റര്‍ ആര്‍.ജി. സുരേഷ് ബാബു, ചീഫ് കോര്‍ഡിനേറ്റര്‍ മേഘനാ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

TAGS: SMA Abacus |