രോഹിത് ശര്‍മ ലാലിഗയുടെ ഇന്ത്യയിലെ പ്രഥമ ബ്രാന്റ് അംബാസഡര്‍

Posted on: December 13, 2019

കൊച്ചി: സ്‌പെയിനിലെ ഒന്നാം ഡിവിഷന്‍ ഫുള്‍ബോള്‍ ലീഗായ ലാലിഗയുടെ ഇന്ത്യയിലെ പ്രഥമ ബ്രാന്റ് അംബാസഡറായി പ്രശസ്ത ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ നിയമിതനായി. ആഗോളതലത്തില്‍ ലാലിഗയുടെ ഫുട്‌ബോളറല്ലാത്ത പ്രഥമ ബ്രാന്റ് അംബാസഡറുമാണ് ഫുട്‌ബോള്‍ കമ്പക്കാരനായ രോഹിത്.

ഫുട്‌ബോളിന് ഉത്തേജനം നല്‍കുന്നതിനായി 2017 മുതല്‍ ലാലിഗ ഇന്ത്യയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രോഹിത് ശര്‍മയെ ബ്രാന്റ് അംബാസഡറായി നിയമിച്ചത്. 2017- ലാലിഗ ഇന്ത്യയില്‍ ഓഫീസാരംഭിച്ചതിന് ശേഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുകയുണ്ടായി. ഫേസ്ബുക്കുമായി സഹകരിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗജന്യമായി മുന്നൂറിലേറെ ലാലിഗ മ സരങ്ങള്‍ കാണാനുള്ള അവസരം സൃഷ്ടിച്ചു. കൂടാതെ പ്രമുഖ യൂറോപ്യന്‍ ക്ലബ്ബായ ജിറോണ എഫ്‌സിയെ ഇന്ത്യയിലെത്തിച്ച് പ്രദര്‍ശന മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

ഇന്ത്യയില്‍ ഫുട്‌ബോളിന് കൂടുതല്‍ പ്രചാരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് രോഹിത് ശര്‍മയെ ബ്രാന്റ് അംബാസഡറായി നിയമിച്ചിട്ടുള്ളതെന്ന് ലാലിഗ ഇന്ത്യ മാനേജിങ് ഡയറക്റ്റര്‍ ജോസ് അന്റോണിയോ കച്ചാസ പറഞ്ഞു. ബൗളര്‍മാര്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ബാറ്റ്‌സ്മാന്‍മാരിലൊരാളായ രോഹിത് ശര്‍മ നിരവധി റെക്കാഡുകളുടെ ഉടമയാണ്. 50 ഓവര്‍ മല്‍സരങ്ങളില്‍ 3 ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള ഏക ബാറ്റ്‌സ്മാനായ രോഹിത്, ഒരിന്നിംഗ്‌സില്‍ 264 റണ്‍ എന്ന ലോക റെക്കാഡിനുമുടമയുമാണ്. ഇപ്പോള്‍ ലോകത്തിലെ രണ്ടാം നമ്പര്‍ ബാറ്റ്‌സ്മാനായ രോഹിത,് ലാലിഗ നിലകൊള്ളുന്ന മികവ്, ഒത്തിണക്കം, ആധികാരികത, ബഹുമാനം, പ്രതിബദ്ധത, അഭിലാഷം തുടങ്ങിയ ഗുണങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് ജോസ് ആന്റോണിയോ അഭിപ്രായപ്പെട്ടു. ഒരു വ്യക്തിയും കളിക്കാരനുമെന്ന നിലയ്ക്കുള്ള രോഹിതിന്റെ മികവ് യുവാക്കളില്‍ ആവേശം കൊള്ളിക്കാന്‍ പര്യാപ്തമാണ്. ആഗോളതലത്തില്‍ ലാലിഗയുടെ പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യയെന്നും ജോസ് അന്റോണിയ പറഞ്ഞു.

ഇന്ത്യന്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയിലാണെന്ന് രോഹിത് ശര്‍മ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 5 വര്‍ഷത്തിനിടയ്ക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. കാണികളടക്കം ഇതുമായി ബന്ധപ്പെട്ട എല്ലാവരുമാണ് ഇതിന് കാരണക്കാര്‍. ഫുട്‌ബോളില്‍ താല്‍പര്യമുള്ളവരെ ചെറുപ്രായത്തില്‍ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കി വരുന്ന ലാലിഗ ഇന്ത്യയില്‍ അവരുടെ പ്രശസ്തി വിപുലമാക്കിയിരിക്കയാണെന്ന് രോഹിത് ശര്‍മ അഭിപ്രായപ്പെട്ടു.

TAGS: LaLiga |