ഗോദ്‌റെജ് ഫൈവ്സ്റ്റാർ ഇൻവേർട്ടർ എസി വിപണിയിൽ

Posted on: February 28, 2016

Godrej-NXW-Ac-Launch-Big-a

കൊച്ചി : ഗോദ്‌റെജ് അപ്ലയൻസസ് മികച്ച ഊർജ്ജക്ഷമതയുള്ള ഇൻവേർട്ടർ എയർ കണ്ടീഷണറുകളുടെ ശ്രേണി വിപണിയിലിറക്കി. എൻഎക്‌സ്ഡബ്ല്യു പ്രീമിയം ബ്രാൻഡിൽ പുറത്തിറക്കിയിട്ടുള്ള ഈ എസി ശ്രേണിക്ക് ഐഎസ്ഇഇആർ 5.2 (ഇന്ത്യൻ സീസൺ എനർജി എഫിഷ്യന്റ് റേഷ്യോ) റേറ്റിംഗും ലഭിച്ചിട്ടുണ്ട്.

5000 വാട്ട്, 3440 വാട്ട് എന്നിങ്ങനെ രണ്ടു ശേഷികളിൽ എൻഎക്‌സ് ഡബ്‌ള്യു എസികൾ ലഭ്യമാണ്. വില 45,000-55,000 രൂപ റേഞ്ചിലാണ്. പത്തുവർഷത്തെ കംപ്രസർ വാറന്റിയും അഞ്ചുവർഷത്തെ കണ്ടൻസർ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇൻവേർട്ടർ എസികളുടെ ഊർജ്ജക്ഷമതയെ കുറിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബിഇഇ) ഇക്കഴിഞ്ഞ ജൂണിൽ ഏർപ്പെടുത്തിയിട്ടുള്ള റേറ്റിംഗ് സംവിധാനമാണ് ഐഎസ്ഇഇആർ. ഒരു എസി മുറിയിൽനിന്നു വലിച്ചെടുക്കുന്ന ചൂടും അതിനായി ഉപയോഗിക്കുന്ന ഊർജവും തമ്മിലുള്ള അനുപാതമാണ് ഐഎസ്ഇഇആർ. ഐഎസ്ഇഇആർ 4.5 ലഭിച്ചാൽ അതിനെ 5-സ്റ്റാർ ആയി കണക്കാക്കുന്നു.

മികച്ച ഊർജ്ജക്ഷമതയുള്ള ആർ-290 റെഫ്രജിറന്റ് ഗ്രീൻ ബാലൻസ് ടെക്‌നോളജി ഉപയോഗിച്ചാണ് ഗോദ്‌റെജ് എൻഎക്‌സ്ഡബ്ല്യു എസികൾ പുറത്തിറക്കിയിട്ടുള്ളത്. ഏറ്റവും കുറവ് ഹരിതഗ്രഹ വാതകങ്ങൾ പുറത്തുവിടുന്ന ഓസോൺ പാളിക്ക് ഒട്ടുംകേടുവരുത്താത്തതും രാജ്യത്ത് ഏറ്റവും ഊർജ്ജക്ഷതയുള്ളതുമാണ് ഗോദ്‌റെജിന്റെ പുതിയ എസി ശ്രേണിയെന്ന് ഗോദ്‌റെജ് അപ്ലയൻസസ് ബിസിനസ് ഹെഡും ഇവിപിയുമായ കമൽ നന്തി പറഞ്ഞു.

പ്രീമിയം 5- സ്റ്റാർ എസി വിപണിയിൽ, 15 ശതമാനം വിപണി വിഹിതം നേടിയ കമ്പനി എൻഎക്‌സ്ഡബ്ല്യു എത്തിച്ചതോടെ 5-സ്റ്റാർ ഇൻവേർട്ടർ എസി വിപണിയിലും 15 ശതമാനം വിപണി വിഹിതം ലക്ഷ്യമിടുന്നുവെന്നു കമൽ നന്തി കൂട്ടിച്ചേർത്തു. ഉയർന്ന ഊർജ്ജക്ഷമതയുള്ള എൻഎക്‌സ് ഡബ്ല്യു ഇൻവേർട്ടർ എസിക്ക് 31 ശതമാനം ഊർജ്ജം ലാഭിക്കുവാൻ സാധിക്കുമെന്ന് ഗോദ്‌റെജ് അപ്ലയൻസസ് പ്രോഡക്ട് ഹെഡ്-എയർ കണ്ടീഷണേഴ്‌സ് അനൂപ് ഭാർഗവ പറഞ്ഞു.

ത്രി എക്‌സ് ബിഎൽഡിസി മോട്ടോർ ടെക്‌നോളജി, പാരലൽ ഫ്‌ളോ കണ്ടൻസർ വിത്ത് നാനോ കോട്ടിംഗ് ടെക്‌നോളജി, പിസിബിയിൽ മോയിസ്ചർ റെസിസ്റ്റന്റ് കൺഫോമൽ കോട്ടിംഗ്, ഇന്റലിജന്റ് എയർ ത്രോ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളാണ് എൻഎക്‌സ്ഡബ്ല്യു ഇൻവേർട്ടർ എസികളിൽ ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.