സീറോധ മ്യൂച്വല്‍ ഫണ്ട് പുതിയ ഇടിഎഫ് അവതരിപ്പിച്ചു

Posted on: February 19, 2024

കൊച്ചി : സീറോധ മ്യൂച്വല്‍ ഫണ്ട് പുതിയ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) അവതരിപ്പിച്ചു. സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ഓപ്പണ്‍ എന്‍ഡഡ്, ലോ-കോസ്റ്റ് ഇടിഎഫാണ് സീറോധ ഗോള്‍ഡ് ഇടിഎഫ്. ന്യൂഫണ്ട് ഓഫര്‍ 24ന് അവസാനിക്കും.

എന്‍എഫ്ഒ പ്രകാരമുള്ള യൂണിറ്റുകള്‍ അലോട്ട് ചെയ്ത് അഞ്ച് വ്യാപാരദിനങ്ങള്‍ക്ക് ശേഷം നേരിട്ട് എക്‌സ്‌ചേഞ്ചുകള്‍ വഴി ഗോള്‍ഡ് ഇടിഎഫ് വാങ്ങാനാകും. മാര്‍ച്ച് ഒന്നിന് ഫണ്ട് എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഭൗതിക രൂപത്തിലുള്ള സ്വര്‍ണത്തിന്റെ വിലയ്ക്ക് ആനുപാതികമായ നേട്ടമാണ് ഫണ്ട് ലക്ഷ്യമിടുന്നത്. സീറോധ ഗോള്‍ഡ് ഇടിഎഫിന്റെ 95-100 ശതമാനവും ഭൗതിക സ്വര്‍ണത്തിലും സ്വര്‍ണ അനുബന്ധ മാര്‍ഗങ്ങളിലുമാണ് നിക്ഷേപിക്കുക. 5 ശതമാനം വരെ മണി മാര്‍ക്കറ്റ്, ക്യാഷ് അധിഷ്ഠിത മാര്‍ഗങ്ങളിലും നിക്ഷേപിക്കുന്നു.

ഗോള്‍ഡ് ഇടിഎഫില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്. തുടര്‍ന്ന്100ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. 6,30,000 യൂണിറ്റ് വരെയാണ് നിക്ഷേപം. പദ്ധതിയില്‍ നിന്ന് പുറത്തുകടക്കാന്‍ എക്‌സിറ്റ് ലോഡ് ഇല്ല. ലിസ്റ്റിങ്ങിനു ശേഷം എക്‌സ്‌ചേഞ്ച് വഴിഏറ്റവും കുറഞ്ഞത് ഒരു യൂണിറ്റ്
മുതല്‍ വാങ്ങാം. ഇടിഎഫിന്റെ അറ്റ ആസ്തി മൂല്യം 10 രൂപയാണ്.