ചെറുകിട സ്ഥാപനങ്ങളെ വിലയിരുത്താൻ ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ പുതിയ റാങ്കിംഗ്

Posted on: April 23, 2020


കൊച്ചി : രാജ്യത്തെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളുടെ സ്ഥിതി വിലയിരുത്താനായി ട്രാന്‍സ് യൂണിയന്‍ സിബില്‍ പുതിയ എംഎസ്എംഇ റാങ്ക് (സിഎംആര്‍) അവതരിപ്പിച്ചു. ആകെ പത്തു ലക്ഷത്തില്‍ താഴെ വായ്പകളുള്ള സ്ഥാപനങ്ങളെയാവും ഇതിലൂടെ വിലയിരുത്തുക. പത്തു ലക്ഷം മുതല്‍ 50 കോടി രൂപ വരെ വായ്പയുള്ള സ്ഥാപനങ്ങളെ വിലയിരുത്താനായി നേരത്തെയുള്ള സംവിധാനത്തിനു പുറമേയാണിത്. ഏറ്റവും നഷ്ട സാധ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് സിഎംആര്‍ -10 എന്ന റാങ്കാവും വായ്പാ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുക. ഏറ്റവും കുറവു നഷ്ട സാധ്യതയുള്ളവയ്ക്ക് സിഎംആര്‍-1 നല്‍കും. അടുത്ത 12 മാസത്തിനുള്ളില്‍ നിഷ്‌ക്രിയ ആസ്തിയായി മാറാനുള്ള സാധ്യതയാണ് സിഎംആര്‍ എന്ന ഈ റാങ്കിങിലൂടെ പ്രവചിക്കുന്നത്. ആകെ 50 കോടി രൂപ വരെ ആകെ വായ്പയുള്ള സ്ഥാപനങ്ങളെയാണ് സിഎംആര്‍ റാങ്കിങിലൂടെ പരിഗണിക്കുന്നത്.

സാധാരണ നിലയില്‍ തന്നെ വേഗത്തിലുള്ള മാറ്റങ്ങള്‍ മൂലം പ്രശ്‌നത്തിലാകുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധി പുതിയ വെല്ലുവിളിയാകും സൃഷ്ടിക്കുകയെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ട്രാന്‍സ് യൂണിയന്‍ സിബില്‍ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് കുമാര്‍ പറഞ്ഞു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമയി യോജിച്ചു പ്രവര്‍ത്തിച്ച് അവരുടെ ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള വായ്പാ നയത്തെ പിന്തുണയ്ക്കുകയും സര്‍ക്കാരിനും നിയന്ത്രണ സ്ഥാപനങ്ങള്‍ക്കും ഉള്‍ക്കാഴ്ച നല്‍കുകയുമാണ് തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട സ്ഥാപനങ്ങളുടെ വായ്പാ അര്‍ഹത വേഗത്തില്‍ വിലയിരുത്താന്‍ പുതിയ സിഎംആര്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.