ഇ-മാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കാൻ ഹരിതകർമ്മ സേന

Posted on: August 9, 2020

പാലക്കാട്: ഹരിതകര്‍മ്മസേനയെ ആദായകരമായ സംരംഭമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഇനിമുതല്‍ ഇലക്ട്രോണിക് മാലിന്യങ്ങളും അജൈവമാലിന്യങ്ങളും വീടുകളില്‍നിന്നും ശേഖരിക്കും. കുടുംബ ശ്രീയുടെ സഹായത്തോടെയാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാലിന്യ സംരംഭകത്വ പരിപാടി നടപ്പിലാക്കുന്നത്. മാലിന്യം വീടുകളില്‍നിന്ന് സംഭരിക്കുന്നതിന്റെ കലണ്ടറും തയ്യാറാക്കി. മാലിന്യ സംസ്‌കരണത്തില്‍ സ്ഥിരം സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടൊപ്പം നിലവിലെ സാഹചര്യത്തില്‍ താഴെതട്ടിലുള്ളവര്‍ക്കുകൂടി വരുമാനം ഉറപ്പാക്കാനും പദ്ധതി വഴി സാധിക്കും. ഒരു പഞ്ചായത്തിലെ ശരാശരി 30 സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കും. ഈ മാസം 15ന് പ്രവര്‍ത്തനം ആരംഭിക്കും.

50 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്മിക് ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ടയര്‍, റബ്ബര്‍ ഉത്പന്നങ്ങള്‍, തുകല്‍, തെര്‍മോകോള്‍, ലോഹങ്ങള്‍, എല്‍.ഇ.ഡി, എല്‍.സി.ഡി, ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക്, സി.ഡി ഡ്രൈവ്, മൊബൈല്‍ ഫോണ്‍, കേബിള്‍, മറ്റ് ഇലക്ട്രോണിക് മാലിന്യങ്ങള്‍ എന്നിവ ശേഖരിക്കും. കൂടാതെ ഓരോ പ്രദേശത്തെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും ചടങ്ങുകളും ഹരിത ചട്ടമനുസരിച്ച് നടത്താന്‍ ആവശ്യമായ വസ്തുക്കള്‍ നിര്‍മിക്കാന്‍ ഹരിത കര്‍മ്മസേന വാര്‍ഡുതലത്തില്‍ യൂണിറ്റുകള്‍ ആരംഭിക്കും. ഇവര്‍ ക്കുള്ള പരിശീലനവും അടിസ്ഥാന സൗകര്യങ്ങളും ഹരിത കേരളമിഷന്‍, കുടുംബശ്രീ, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവ സംയുക്തമായി നല്‍കുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍ അറിയിച്ചു.

കലണ്ടര്‍ അനുസരിച്ചുള്ള മാലിന്യശേഖരണം ഇങ്ങനെ: പഴയ ചെരുപ്പ്, ബാഗ്- ജനുവരി, ഏപ്രില്‍, ജൂലൈ ഒക്ടോബര്‍ മാസങ്ങളില്‍. ഇ-മാലിന്യം- മാര്‍ച്ച്, ജൂണ്‍, ഡിസംബര്‍. മരുന്ന് സ്ലിപ്പുകള്‍ – ജനുവരി, മാര്‍ച്ച്, ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍. ഗ്ലാസ് മാലിന്യം-ഫെബ്രുവരി, മെയ്, ഓഗസു്, നവംബര്‍ തുണി മാലിന്യം-ഏപ്രില്‍, സെപ്റ്റംബര്‍.