പെരിയാര്‍ മലിനീകരണം : സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

Posted on: April 22, 2020

കൊച്ചി : കൊച്ചിയുള്‍പ്പെടെ പ്രധാന നഗരങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പെരിയാര്‍ മലിനമാകുന്നതു ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നു ഹൈക്കോടി. ലോക്ഡൗണ്‍ കാലത്ത് ഗംഗയും യമുനയുമൊക്കെ തെളിഞ്ഞൊഴുകുമ്പോള്‍ പെരിയാര്‍ മലിനമാകുന്നതിന്റെ വാര്‍ത്തകളാണു പുറത്തുവരുന്നതെന്നു കോടതി പരാമര്‍ശിച്ചു.

പെരിയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ കേസെടുത്തു. ഈ വിഷയം ശാസ്ത്രീയമായി വിലയിരുത്തി. മലിനീകരണം എന്തുകൊണ്ടാണെന്നു റിപ്പോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനു നിര്‍ദേശം നല്‍കി.

റിപ്പോര്‍ട്ട് വൈകരുതെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ടി. ആര്‍. രവി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേസ് 24 ലേക്കു മാറ്റി. ഏലൂര്‍ എടയാര്‍ മേഖലയിലെ വ്യവസായ സ്ഥാപനങ്ങൡ നിന്നു പെരിയാറിലേക്കു മാലിന്യങ്ങള്‍ ഒഴുക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ കലക്ടര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അഡീ. അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.

പാതാളം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നപ്പോള്‍ അടിഞ്ഞു കിടന്ന മാലിന്യങ്ങള്‍ പെരിയാറിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഒഴുകിയിട്ടുണ്ടെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അഭിഭാഷകന്‍ അറിയിച്ചു. സംസ്ഥാന പരിസ്ഥിതി വകുപ്പ് സെക്രട്ടറി, എറണാകുളം കളക്ടര്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തുടങ്ങിയവരെ കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്.