ലുലു സ്റ്റോറുകളില്‍ ഗ്രീന്‍ കോര്‍ണര്‍ പദ്ധതി

Posted on: February 1, 2020

അബുദാബി : ഊര്‍ജ സംരക്ഷണം ലക്ഷ്യമിട്ടുള്ള അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുടെ (എഡിഡിസി) തര്‍ഷീദ് പരിപാടിയില്‍ ലുലുവും ഭാഗമായിരിക്കും. ഊര്‍ജക്ഷമതയേറിയ ഉത്പ്പന്നങ്ങളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ലുലു സ്‌റ്റോറുകളില്‍ ഗ്രീന്‍ കോര്‍ണര്‍ പദ്ധതി ആരംഭിക്കാന്‍ ധാരണയായി. ഇതു സംബന്ധിച്ച് എഡിഡിസിയും ലുലു ഇന്റര്‍ നാഷണല്‍ ഗ്രൂപ്പും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ജനങ്ങളുടെ ഈര്‍ജാവശ്യങ്ങള്‍ ക്രമീകരിക്കുയെന്ന ലക്ഷ്യത്തെടെയാണ് അബുദാബി പവര്‍ കോര്‍പ്പറേഷന്റെ അനുബന്ധ കമ്പനിയായ എഡിഡിസി തര്‍ഷീദ് പരിപാടിക്ക് തുടക്കമിട്ടത്. 2030 ഓടെ അബുദാബിയുടെ ജല, വൈദ്യുതി ഉപഭോഗം 20 ശതമാനം കുറയ്ക്കുകയെന്നതാണ് ഊര്‍ജ്ജതന്ത്ര പ്രധാന പരിപാടിയുടെ പ്രധാനലക്ഷ്യം. തര്‍ഷീദിന്റെ ബാഗമായുള്ള ഗ്രീന്‍ കോര്‍ണര്‍ പദ്ധതി ലുലുവിന്റെ അബുദാബിയിലും അല്‍ എയ്‌നിലുമുള്ള തെരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകളിലാകും നടപ്പിലാക്കുക. എസ്മ ( എമിറേറ്റ്‌സ് അതോറിട്ടി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്റ് മീറ്ററോളജി) റേറ്റിംഗ് സംവിദാനം ഉപയോഗിച്ച് ഊര്‍ജക്ഷമത ലേബലുള്ള ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് തര്‍ഷീദിന്റെ ഗ്രീന്‍ കോര്‍ണര്‍ പദ്ധതി. ഉപകരണങ്ങളുടെ വാര്‍ഷിക ഊര്‍ജ ഉപഭോഗ നിരക്ക് സംബന്ധിച്ച വിവരങ്ങളും അവ ഉപയോഗിക്കുന്നതിലൂടെ ജല, വൈദ്യുതി ഉപഭോഗത്തില്‍ എത്രത്തോളം ലാഭിക്കാന്‍ സാധിക്കുമെന്നതിന്റെ വിശദമായ വിവരങ്ങളും എസ്മ റേറ്റിംഗിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

അബുദാബി ഖലീദിയ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍വെച്ച് നടന്ന ചടങ്ങില്‍ എഡിഡിസി മാനേജിംഗ് ഡയറക്ടര്‍ സായിദ് അല്‍ സുവൈദിയും ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫുദ്ദീന്‍ രുപാവാലയും ഗ്രീന്‍കോര്‍ണര്‍ പദ്ധതിക്കായുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇരുകമ്പനികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. അബുദാബി ഇക്കണോമിക് വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി ഊര്‍ജ സ്രോതസ്സുകളുടെ സുസ്ഥിരമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള യജ്ഞങ്ങള്‍ തുടങ്ങാന്‍ എഡിഡിസിക്ക് പ്രതിബദ്ധതയുണ്ടെന്ന് സായിദ് അല്‍ സുവൈദി പറഞ്ഞു. ജലവും വൈദ്യുതിയും കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുകയാണ് ലുലുവുമായി ചേര്‍ന്ന് ആരംഭിക്കുന്ന ഗ്രീന്‍ കോര്‍ണര്‍ പദ്ധതിയുടെ ഉദ്ദേശം. ഭാവി തലമുറകള്‍ക്ക് വേണ്ടി അമൂല്യ ഊര്‍ജ സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ തുടരുമെന്നും സുവൈദി പറഞ്ഞു. ഊര്‍ജോപഭോഗം കുറയ്ക്കാന്‍ അബുദാബി സര്‍ക്കാരുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ലുലുഗ്രൂപ്പ് സിഇഒ പറഞ്ഞു. അബുദാബി പാര്‍പ്പിട മേഖലയ്ക്കായി മികച്ച ഊര്‍ജക്ഷമതയുള്ള വീട്ടുപകരണങ്ങള്‍ അവതരിപ്പിച്ച് യുഎഇയുടെ ഈര്‍ജ അജണ്ടയുടെ ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രകൃതിയെ സംരക്ഷിക്കാനുള്ള പദ്ധതികളില്‍ തങ്ങളാലാവുന്നത് ചെയ്യുമെന്നും രൂപാവാല പറഞ്ഞു.