കാര്‍ത്തികദീപവും അതിലെ കഥാപാത്രവും എനിക്ക് വളരെ പ്രിയപ്പെട്ടത്: വിവേക് ഗോപന്‍

Posted on: July 16, 2020


ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള മിനിസ്‌ക്രീനില്‍ സജീവമാകുകയാണ് പ്രേക്ഷകരുടെ പ്രിയതാരം വിവേക് ഗോപന്‍. സീ കേരളത്തിലെ ഏറ്റവും പുതിയ സീരിയലായ ‘കാര്‍ത്തികദീപത്തിലൂടെയാണ്’ വിവേക് തിരിച്ചു വരുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8 മണിക്കാണ് സീരിയലിന്റെ സംപ്രേഷണം. കാര്‍ത്തിക എന്ന അനാഥയായ പെണ്‍കുട്ടിയുടെ കഥയും അവള്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന കഷ്ടതകളുമാണ് ‘കാര്‍ത്തികദീപം’ പറയുന്നത്. കാര്‍ത്തികയായിയെത്തുന്നത് സ്നിഷ ചന്ദ്രനാണ്. അരുണ്‍ എന്ന നായക കഥാപാത്രത്തെയാണ് വിവേക് ഗോപന്‍ അവതരിപ്പിക്കുന്നത്. തൃപ്രയാറില്‍ ഷൂട്ടിംഗ് ലൊക്കേഷനിലെ ഒഴിവു സമയത്തു വിവേക് തന്റെ കഥാപാത്രത്തെക്കുറിച്ചും സഹതാരങ്ങളുമായുള്ള അനുഭവങ്ങള്‍ പങ്ക് വെക്കുന്നു.

‘കാര്‍ത്തികദീപത്തിലെ’ കഥാപാത്രത്തെക്കുറിച്ച് ഒന്ന് പറയാമോ?

അരുണ്‍ എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. സത്യസന്ധനായ ഒരു സാധാരണക്കാരനാണ് അയാള്‍. അരുണിന് ആദ്യ കാഴ്ചയില്‍ തന്നെ കാര്‍ത്തികയോട് ഇഷ്ടം തോന്നുന്നുണ്ട്. അത് അയാള്‍ അവളോട് തുറന്നു പറയുകയും ചെയ്യുന്ന. എന്നാല്‍ അവള്‍ക്ക് അയാളോട് ഒരു താല്പര്യവും ഇല്ല. കാര്‍ത്തികയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന നായക കഥാപാത്രമാണ് അരുണ്‍.എന്റെ കരിയറില്‍ ചെയ്യാന്‍ ഞാന്‍ കാത്തിരുന്ന തരത്തിലുള്ള റോളാണ് ഇത്. അഭിനയസാധ്യതയുള്ള ഒരു കഥാപാത്രം. മലയാളികള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു കഥാപാത്രം കൂടിയാണ് ‘കാര്‍ത്തികദീപത്തിലെ’ അരുണ്‍.

എന്തൊക്കെയാണ് ഷൂട്ടിംഗ് വിശേഷങ്ങള്‍?

തൃശ്ശൂരിലെ തൃപ്രയാര്‍ എന്ന മനോഹരമായ ഗ്രാമമാണ് കഥാപശ്ചാത്തലം. മനോഹരമായ ഒരു സ്ഥലമാണ് ഇവിടം. പച്ചവയലേലകളാല്‍ സമ്പന്നമായ ഈ സ്ഥലത്തെ ഓരോ കാഴ്ചയും പുതിയ അനുഭവമാണ്. കോവിഡ് കാലത്ത് വളരെ കരുതലോടെയാണ് ചിത്രീകരണം. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നത് കൊണ്ട് പഴയതു പോലെ തിരക്കൊന്നും ഷൂട്ടിംഗ് സ്ഥലത്ത് ഇല്ല. അതിനാല്‍ തന്നെ വളരെ വേഗത്തില്‍ തന്നെ ചിത്രീകരണം നടക്കുന്നുണ്ട്. പിന്നെ കൂടെ അഭിനയിക്കുന്നവരെയെല്ലാം അറിയാവുന്നത് കൊണ്ട് ഒരു കുടുംബം പോലെയാണ്.

സ്‌നിഷ ചന്ദ്രന്‍, യദു കൃഷ്ണന്‍ എന്നിവരോടൊപ്പമുള്ള അനുഭവം?

വളരെ പരിചയസമ്പന്നരായ തലമുറയിലെ അഭിനേതാക്കള്‍ക്കൊപ്പം അഭിനയിക്കുന്നത് രസകരമാണ്. സ്‌നിഷയ്ക്കൊപ്പം ഞാന്‍ നായകനായി ആദ്യമായി അഭിനയിക്കുകയാണ്. വളരെ രസമുള്ള ഒരു കോമ്പിനേഷന്‍ ആണ് ഞങ്ങളുടേത്. യദു ചേട്ടനില്‍ നിന്ന് ഒരുപാടു പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുന്നുണ്ട്. അദ്ദേഹമൊക്കെ നമ്മളെക്കാള്‍ എത്രയോ സീനിയര്‍ ആണ്. എന്നാലും നമ്മളോടൊപ്പം നില്‍ക്കും. തെറ്റുകള്‍ ചൂണ്ടി കാണിക്കുകയും തിരുത്തി തരികയും ചെയ്യും. മറ്റു സഹപ്രവര്‍ത്തകരും പൂര്‍ണ പിന്തുണയാണ് തരുന്നത്. ഒരു നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും എനിക്ക് ഒരു മികച്ച പഠനാനുഭവമാണ് ‘കാര്‍ത്തികദീപം’.

ഈ ലോക്കഡൗണ്‍ കാലം എങ്ങനെ ചിലവഴിച്ചു?

ഒരുപാട് നാളുകള്‍ക്കു ശേഷമാണ് ഞാന്‍ കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത്. എന്റെ ഭക്ഷണക്രമം ശരിയാക്കാനും ഫിറ്റ്‌നസ് ദിനചര്യ കര്‍ശനമായി പാലിക്കാനും ഈ സമയം നന്നായി ഉപയോഗിച്ചു. മകന്‍ സിദ്ധാര്‍ത്ഥിനൊപ്പം കുറെ ദിവസങ്ങള്‍ കൂടാന്‍ പറ്റിയതെന്നതാണ് ഈ ലോക്ക്ഡൗണ്‍ തന്ന വലിയ ഭാഗ്യം. ഒരു വേനല്‍ക്കാല അവധി പോലെയായിരുന്നു. കുറെ സിനിമകള്‍ കണ്ടു . ഭാര്യ സുമിയുമായി ചേര്‍ന്ന് ചില പാചക പരീക്ഷണങ്ങളും നടത്തി നോക്കിയിരുന്നു.

ക്രിക്കറ്റ് ഇപ്പോഴുമുണ്ടോ അതോ ഉപേക്ഷിച്ചോ?

അഭിനയരംഗത്തേക്ക് കടന്നു വരാന്‍ ക്രിക്കറ്റ് ഒരുപാട് സഹായിച്ചിട്ടുണ്ട്. ക്രിക്കറ്റ് തീര്‍ച്ചയായും എന്റെ ആദ്യത്തെ പാഷനുകളില്‍ ഒന്നാണ്. പൂര്‍ണ്ണ സമയ കളികളൊന്നും ഇപ്പോഴില്ല. സമയം കിട്ടുമ്പോള്‍ കുട്ടികള്‍ക്ക് ചില കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ പോകാറുണ്ട്. ക്രിക്കറ്റ് ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാന്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവസരം വന്നാല്‍ ഗ്രൗണ്ടിലിറങ്ങാന്‍ ഇപ്പോഴും ഞാന്‍ റെഡി ആണ്.