പെങ്ങളില വിജയകരമായി പ്രദർശനം തുടരുന്നു

Posted on: March 12, 2019

കൊച്ചി : വ്യത്യസ്തമായ പ്രമേയവും ഒട്ടേറെ പുതുമകളുമായി പ്രമുഖ സംവിധായകൻ ടി വി ചന്ദ്രൻ ഒരുക്കിയ പെങ്ങളില തിയേറ്ററിലെത്തി. അവതരണത്തിലെ പുതുമയും ശ്രദ്ധേയമായ കഥയും കൊണ്ട് പ്രേക്ഷകർക്ക് ഏറെ സ്വീകാര്യമായ പെങ്ങളില വിജയകരമായി പ്രദർശനം തുടരുകയാണ്. എട്ട് വയസ്സുള്ള രാധ എന്ന പെൺകുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത്തഞ്ച് വയസ്സുള്ള അഴകൻ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്‌നേഹബന്ധമാണ് ചിത്രത്തിൻറെ കാതൽ. അഴകനായി (ലാൽ) രാധയായി (അക്ഷര കിഷോർ) ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്.

അഴകനും രാധയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിൻറെ ഇതിവൃത്തമെങ്കിലും അഴകൻറെ പഴയകാല ജീവിതം, രാധയുടെ കുട്ടിക്കാലം, രാധയുടെ അമ്മയുടെ ഒറ്റപ്പെടൽ തുടങ്ങിയ വിഷയങ്ങളിലൂടെയാണ് പെങ്ങളിലയുടെ കഥ. അഴകൻ കേവലമൊരു കൂലിപ്പണിക്കാരൻ മാത്രമല്ല. അയാൾ കേരളത്തിലെ കീഴാള സമൂഹത്തിൻറെ പ്രതിനിധിയാണ്. ഒട്ടേറെ ജനകീയ സമരങ്ങളിൽ അയാൾ പങ്കാളിയാകുന്നുണ്ടെങ്കിലും കേരളത്തിലെ ദളിതരുടെ അവസ്ഥപോലെ അയാൾക്കും സ്വന്തമായി ഒരു തുണ്ടുഭൂമിപോലും ഇല്ലാത്തയാളാണ്. അഴകൻറെ ഈ ജീവിത പശ്ചാത്തലത്തിലൂടെ കേരളത്തിലെ ഭൂമിയുടെ രാഷ്ട്രീയവും ജാതി രാഷ്ട്രീയവും പെങ്ങളിലയിൽ പരോക്ഷമായി പറയുന്നുണ്ട്. സംവിധായകൻറെ പതിവ് ചിത്രങ്ങൾ പോലെ രാഷ്ട്രീയ വിമർശനവും നിരീക്ഷണവും ഈ ചിത്രത്തിൽ ഉണ്ടെങ്കിലും പെങ്ങളില കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതായിരുന്നു.

അന്തരിച്ച കവി എ അയ്യപ്പൻറെ കവിതയിലെ പ്രയോഗമാണ് പെങ്ങളില എന്ന ടൈറ്റിൽ. പ്രമുഖ കവി കെ സച്ചിദാനന്ദൻറെ പുലയപ്പാട്ട് എന്ന കവിതയും അൻവർ അലി എഴുതിയ ഒരു ഗാനവും ഈ ചിത്രത്തിൽ ലാൽ പാടുന്നുണ്ട്. നാടൻ ശീലുകളുള്ള ഈ ഗാനങ്ങൾ ലാൽ നേരിട്ട് പാടുന്നത് മറ്റൊരു പുതുമയാണ്. സച്ചിദാനന്ദൻറെ കവിത ആദ്യമായാണ് മലയാളസിനിമയിൽ അവതരിപ്പിക്കുന്നതും. ബെൻസി പ്രൊഡക്ഷൻസിൻറെ ബാനറിൽ ബേനസീർ ആണ് ചിത്രം നിർമ്മിക്കുന്നത്. ലാൽ, നരേൻ, രൺജി പണിക്കർ, ഇന്ദ്രൻസ്, ഇനിയ, ബേസിൽ പൗലോസ്, തിരു, നൗഷാദ്, അക്ഷര കിഷോർ, പ്രിയങ്ക നായർ, നീതു ചന്ദ്രൻ, അമ്പിളി സുനിൽ, ഷീല ശശി, തുടങ്ങിയവരാണ് അഭിനേതാക്കൾ.ഛായാഗ്രഹണം- സന്തോഷ് തുണ്ടിയിൽ,സംഗീതം-വിഷ്ണു മോഹൻസിത്താര, പശ്ചാത്തല സംഗീതം- ബിജിപാൽ , ഗാനങ്ങൾ- കവി കെ. സച്ചിദാനന്ദൻ, അൻവർ അലി,കലാസംവിധാനം- ഷെബീറലി, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര,മേക്കപ്പ്- സജി കൊരട്ടി,വസ്ത്രാലങ്കാരം- രാധാകൃഷ്ണൻ മങ്ങാട്,എഡിറ്റിംഗ്- വി ടി ശ്രീജിത്ത്,പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് – നസീർ കൂത്തുപറമ്പ്, ബിജു കടവൂർ, സ്റ്റിൽസ് – അനിൽ പേരാമ്പ്ര, പി.ആർ. ഒ – പി.ആർ.സുമേരൻ അസോസിയേറ്റ് ഡയറക്ടർ – കെ.ജി. ഷൈജു എന്നിവരാണ് അണിയറ പ്രവർത്തകർ.

TAGS: Pengalila |