ഡിസ്‌പേസ് ഇന്ത്യയിലെ ആദ്യ ഒഫീസ് കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ തുറന്നു

Posted on: November 25, 2023

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയുടെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രമുഖ ജര്‍മന്‍ കമ്പനി ഡിസ്‌പേസില്‍ ജോലി ഉറപ്പ്. കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച മെക്കട്രോണിക്‌സ് രംഗത്തെ ആഗോള പ്രശസ്തരായ ഡിസ്‌പേസുമായി അസാപ് കേരള ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവച്ചു. ഡിസ്‌പേസിന്റെ ഇന്ത്യയിലെ ആദ്യ പ്രവര്‍ത്തന കേന്ദ്രമാണ് കേരളത്തിലേത്.

ഡിസ്‌പേസിന് ആവശ്യമായ തൊഴില്‍ നൈപുണ്യമുള്ള ഉദ്യോഗാര്‍ത്ഥികളെ അസാപ് കേരള നല്‍കും. പ്രത്യേക നൈപുണ്യ പരിശീലനവും നല്‍കും. അസാപിന്റെ നൈപുണ്യ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കും അല്ലാത്തവര്‍ക്കും ഈ പുതിയ അവസരം പ്രയോജനപ്പെടും. വ്യവസായ കേന്ദ്രീകൃതമായ നൈപുണ്യ കോഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും പരിശീലനം നല്‍കുന്നതിനും അസാപ് കേരളയുമായി ഡിസ്‌പേസ് ധാരണയിലെത്തിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയ് ഐ എ എസ്സിന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ അസാപ് കേരള ചെയര്‍പേഴ്സണും എംഡിയുമായ ഡോ. ഉഷ ടൈറ്റസും ഡിസ്‌പേസ് എം.ഡി ഫ്രാന്‍ക്ലിന്‍ ജോര്‍ജും കരാറില്‍ ഒപ്പുവെച്ചു.

”ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും നൈപുണ്യ വികസന രംഗത്തെ മികവും മികച്ച പ്രതിഭകളുടെ ലഭ്യതയുമാണ് കേരളത്തിലേക്ക് വിദേശ കമ്പനികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളെന്ന്” ഇഷിത റോയ് പറഞ്ഞു. ”നിരവധി വിദേശ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. ഡിസ്‌പേസുമായുള്ള അസാപിന്റെ പങ്കാളിത്തം കേരളത്തിലെ യുവജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ തുറന്നിടുമെന്നും” അവര്‍ കൂട്ടിച്ചേര്‍ത്തു.

ടെക്‌നിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. രാജശ്രീ, എപിജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. എ പ്രവീണ്‍, ഡിസ്‌പേസ് വൈസ് പ്രസിഡന്റ് എല്‍മര്‍ ഷ്മിത്സ്, അസാപ് കേരള പ്ലേസ്മെന്റ് വിഭാഗം മേധാവി ലൈജു ഐ.പി നായര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ ബാസില്‍ അമാനുള്ള, പ്രോഗ്രാം മാനേജര്‍ കെ.ശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.