നൈപുണ്യ പരിശീലനത്തിന് സ്‌കില്‍ ലോണ്‍ : അസാപ് കേരളയുമായി കൈകോര്‍ത്ത് എസ്ബിഐ യും എച്ച്ഡിഎഫ്‌സി യും

Posted on: October 30, 2023

തിരുവനന്തപുരം : അസാപ് കേരളയുടെ നൈപുണ്യ പരിശീലന കോഴ്സുകളില്‍ പ്രവേശനം നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌കില്‍ ലോണ്‍ സൗകര്യം ഒരുക്കി എസ്ബിഐയും എച്ച്ഡിഎഫ്‌സി ബാങ്കും. സാമ്പത്തിക പിന്നോക്കാവസ്ഥ മൂലം നൈപുണ്യ പരിശീലനത്തില്‍ നിന്നും പിന്നോട്ട് നില്‍ക്കുന്ന വലിയൊരു വിഭാഗത്തെ നൈപുണ്യ പരിശീലനത്തിന്റെ പാതയിലേക്ക് നയിക്കാന്‍ ഇത് സഹായകമാകും.

5000 മുതല്‍ ഒന്നര ലക്ഷം രൂപ വരെയുള്ള സ്‌കില്‍ കോഴ്സുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കില്‍ ലോണ്‍ ലഭിക്കും. 10.5 മുതല്‍ 11 ശതമാനം വരെ പലിശ നിരക്കില്‍ ആദ്യത്തെ 6 മാസം വരെ മൊറൊട്ടോറിയം കാലാവധിയും അതിനു ശേഷം കോഴ്‌സ് പൂര്‍ത്തിയാക്കി മൂന്നുവര്‍ഷം മുതല്‍ 7 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും ഈ സ്‌കില്‍ ലോണിന്റെ പ്രത്യേകതയാണ്.

ഇരിങ്ങാലക്കുടയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സാന്നിധ്യത്തില്‍ എസ്ബിഐ തൃശൂര്‍ റീജിയണല്‍ മാനേജര്‍ സംഗീത ഭാസ്‌ക്കര്‍ എം, എച്ച്ഡിഎഫ്‌സി ഗവ.ബാങ്കിങ് സ്റ്റേറ്റ് ഹെഡ് ചാര്‍വാക വിജയന്‍ എന്നിവര്‍ അസാപ് കേരള സി.എം.ഡി ഉഷ ടൈറ്റസുമായി ധാരണാ പത്രം കൈമാറി. നേരത്തെ മുതല്‍ കാനറാ ബാങ്കും കേരള ബാങ്കും അസാപ് കേരള കോഴ്സുകള്‍ക്ക് സ്‌കില്‍ ലോണ്‍ നല്‍കിവരുന്നുണ്ട്.