നൈപുണ്യ പരിശീലനത്തിന് സി എസ് ആര്‍ ഫണ്ട്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും അസാപ് കേരളയും ധാരണയായി

Posted on: July 8, 2023

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും സംയുകതമായി പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ നൈപുണ്യ വികസനത്തിനായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു ധാരണയായി. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മല്‍സ്യതൊഴിലാളി വിഭാഗത്തിലെ യുവജനങ്ങള്‍ക്കുമായി സംസ്ഥാന തലത്തില്‍ ആരംഭിക്കുന്ന സമത്വ പദ്ധതിയുടെയും, എറണാകുളം ജില്ലയിലെ വനിതകള്‍ക്കായി ആരംഭിക്കുന്ന ഷീ-സ്‌കില്‍സ് പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ അമ്പത് ലക്ഷം രൂപയുടെ സി.എസ് ആര്‍ ഫണ്ടിന്റെ സഹായത്തോടെയാണ് പദ്ധതി നിര്‍വഹിക്കുക.

കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ സി.എസ്.ആര്‍ ഫണ്ടിന്റെ സഹായത്തോടെ പ്രസ്തുത പദ്ധതികളിലൂടെ ഒന്‍പതു തൊഴിലധിഷ്ഠിത പ്രോഗ്രാമുകളാണ് നടപ്പിലാക്കുക. പദ്ധതി പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലെ യുവജനങ്ങളുടെ ഉന്നമനത്തിനു ഊന്നല്‍ നല്‍കും. 15 വയസിനു മുകളിലുള്ള വനിതകള്‍ക്കായി നടത്തുന്ന ഷീ സ്‌കില്‍സ് പദ്ധതി എറണാകുളം ജില്ലയില്‍ കേന്ദ്രീകരിച്ചായിരിക്കും നടപ്പാക്കുക. പദ്ധതിയിയുടെ ഭാഗമായി മെഡിക്കല്‍ കോഡിംഗ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഹൗസ് കീപ്പിംഗ് അസ്സോസിയേറ്റ് എന്നീ നൈപുണ്യ കോഴ്‌സുകളാണ് ഉണ്ടാവുക.

പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മല്‍സ്യതൊഴിലാളി വിഭാഗത്തിലെ യുവജനങ്ങള്‍ക്കുമായി നടത്തുന്ന സമത്വ പദ്ധതി കേരളത്തിലുടനീളം സംഘടിപ്പിക്കും. പ്രസ്തുത പദ്ധതിയില്‍ ഓട്ടോമോട്ടീവ് സര്‍വീസ് ടെക്നിഷ്യന്‍, ഫിറ്റ്‌നസ് ട്രെയ്‌നര്‍, ജാവ, ലോജിസ്റ്റിക്, ജി.എസ്.ടി., മൊബൈല്‍ ഹാര്‍ഡ്വെയര്‍ എന്നീ നൈപുണ്യ കോഴ്‌സുകളാണ് ഉണ്ടാവുക.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സാന്നിധ്യത്തില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് സാങ്കേതിക വിഭാഗം ഡയറക്ടര്‍ ബിജോയ് ഭാസ്‌കറും, അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസും തമ്മില്‍ ധാരണാപത്രം കൈമാറി. അസാപ് കേരളയുടെ കരിക്കുലം ഫണ്ടിംഗ് ഡിവിഷന്‍ ഹെഡ് കമാന്‍ഡര്‍ വിനോദ് ശങ്കര്‍ (റിട്ട.), കൊച്ചിന്‍ ഷിപ്യാര്‍ഡ് സി.എസ്.ആര്‍ ഹെഡ് സമ്പത് കുമാര്‍ പി.എന്‍ എന്നിവര്‍ സംബന്ധിച്ചു.