ഷൂലിനി സര്‍വകലാശാല യൂണിവേഴ്സിറ്റി ഓഫ് മെല്‍ബണുമായി ധാരണയില്‍

Posted on: June 14, 2023

കൊച്ചി : ഷൂലിനി സര്‍വകലാശാല ആസ്ട്രേലിയയിലെ മെല്‍ബണ്‍ സര്‍വകലാശാലയുമായി ഇരുട്ട ബിരുദത്തിനുള്ള പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഇത്തരത്തില്‍ പങ്കാളിത്തമുണ്ടാക്കുന്ന ആദ്യ ഇന്ത്യന്‍ സ്വകാര്യ സര്‍വകലാശാലയാണ് ഷൂലിനി.

യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് അധികമായി ഒരു വര്‍ഷത്തേക്ക് പഠനം ദീര്‍ഘിപ്പിക്കാനും മെല്‍ബണ്‍ സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റേഴ്സ് ബിരുദം പൂര്‍ത്തിയാക്കാനും സാധിക്കും. ഇതിനു പുറമെ ആസ്ട്രേലിയയില്‍ പഠനാനന്തര ജോലിക്ക് അപേക്ഷിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും. ടൈംസ് ഹയര്‍ എജ്യൂക്കേഷന്റെ ആഗോള സര്‍വകലാശാലാ റാങ്കിംഗ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ സര്‍വകലാശാലയായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനമാണ് ഷൂലിനി സര്‍വകലാശാല.

മെല്‍ബണ്‍ സര്‍വകലാശാലയുമായുള്ള ധാരണ ഷൂലിനി സര്‍വകലാശാലയെ ആഗോള നിലവാരത്തിലുള്ള സ്ഥാപനമാക്കി മാറ്റുന്നതു മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നു നല്‍കുന്നതു കൂടിയാണെന്നും ഷൂലിനി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. അതുല്‍ ഖോല്‍സ പറഞ്ഞു.

യഥാര്‍ത്ഥ ആഗോള തല വിദ്യാഭ്യാസം നേടാനും അന്താരാഷ്ട്ര പ്രൊഫഷണല്‍ നെറ്റ്വര്‍ക്ക് വളര്‍ത്തിയെടുക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നതാണ് ഈ ധാരണയെന്ന് മെല്‍ബണ്‍ സര്‍വകലാശാല ഡെപ്യൂട്ടി വൈസ് ചാന്‍സിലര്‍ മഷല്‍ വെസ്ലി പറഞ്ഞു.