കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും അസാപ് കേരള ഭരണ മന്ദിരവും ഉദ്ഘാടനം ചെയ്തു

Posted on: April 27, 2023

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ നേതൃത്വത്തിലുള്ള പുതിയ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കഴക്കൂട്ടത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. അസാപിന്റെ അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

നൈപുണ്യ വികസനത്തിലൂടെ തൊഴില്‍ ക്ഷമത വര്‍ധിപ്പിക്കുന്നതില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണെന്നും സ്‌കില്‍ ഇന്ത്യ റിപോര്‍ട്ടില്‍ അസാപ് കേരളയുടെ നേട്ടത്തെ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 133 നൈപുണി വികസന കോഴ്സുകളാണ് അസാപ് നല്‍കുന്നത്. നൈപുണ്യ വികസനത്തിലൂടെ കേരളത്തെ ഒരു നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

യുവജനങ്ങളെ തൊഴില്‍ സജ്ജരാക്കുന്നതിനുള്ള വിവിധ നൈപുണ്യ പരിശീലനങ്ങളാണ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ വഴി അസാപ് കേരള നല്‍കി വരുന്നത്. ഇത്തരത്തിലുള്ള 15ാമത് സ്‌കില്‍ പാര്‍ക്കാണ് കഴക്കൂട്ടത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. എആര്‍/വിആര്‍ ലാബും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കൂടുതല്‍ സ്‌കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ അസാപ് കേരളയ്ക്ക് പദ്ധതിയുണ്ട്. വ്യവസായ സ്ഥാപനങ്ങളുമായും തൊഴില്‍ദാതാക്കളുമായും സഹകരിച്ച് വിവിധ പരിശീലന പരിപാടികള്‍ ഇവിടങ്ങളില്‍ അസാപ് കേരളയുടെ നേതൃത്വത്തില്‍ നടന്ന് വരുന്നുണ്ട്.

കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശശി തരൂര്‍ എം പി, മേയര്‍ ആര്യ രാജേന്ദ്രന്‍, അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ്, തൊഴില്‍-നൈപുണ്യ വകുപ്പ് സെക്രട്ടറി അജിത് കുമാര്‍ ഐഎഎസ്, മാജിക് പ്ലാനറ്റ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് , കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കെഎസ്‌ഐടിഐഎല്‍ എംഡി ഡോ. സന്തോഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.