പ്രയാഗ ഫൗണ്ടേഷന് അംഗീകാരം

Posted on: April 20, 2023

 

കൊച്ചി: പതിമൂന്നാമത് ഏഷ്യന്‍ വിദ്യാഭ്യാസ ഉച്ചകോടിയില്‍ കേരളത്തിലെ വളര്‍ന്നുവരുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാര്‍ഡ് പാലക്കാട് ആസ്ഥാനമായി സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന പ്രയാഗ ഫൗണ്ടേഷന്‍ ഫോര്‍ എക്‌സലന്‍സിന് ലഭിച്ചു.

വിദ്യാഭ്യാസരംഗത്തെ നവീകരണത്തിനും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കുമായി വര്‍ഷംതോറും ഒരുക്കുന്ന അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമാണ് ഏഷ്യ എഡ്യൂക്കേഷന്‍ സമ്മിറ്റ് ഫോര്‍ എഡ്യൂക്കേഷന്‍. മുറപകാരമുള്ള വിദ്യാഭ്യാസത്തിനു പുറമേ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക നൈപുണ്യാധിഷ്ഠിത പരിശീലനങ്ങള്‍ നല്‍കി തൊഴില്‍ മേഖലയിലെ വൈദഗ്ദ്ധ്യമുള്ളവരുടെ കുറവ് പരിഹരിക്കാനായി പ്രയാഗ ഫൗണ്ടേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഈഅംഗീകാരം.

ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ വിദ്യാഭ്യാസ ഉച്ചകോടിയിലെ അവാര്‍ഡ് 2023 ചടങ്ങില്‍ കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി രാജകുമാര്‍ രഞ്ജന്‍ സിങ്ങില്‍ നിന്നും ചെയര്‍മാന്‍ എസ്. സന്ദീപ് കുമാര്‍, മാനേജിംഗ് ട്രസ്റ്റി കെ.സി. മിഥുന എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. മുന്‍ വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാല്‍ നിഷാങ്ക് എംപി സന്നിഹിതനായിരുന്നു.