വ്യക്തിത്വ വികസനത്തിന് നടന്‍ ആര്‍. മാധവനുമായി ചേര്‍ന്ന് ലീഡിന്റെ മാസ്റ്റര്‍ക്ലാസ്

Posted on: June 18, 2022

കൊച്ചി : ഇന്ത്യയിലെ ചെറുപട്ടണങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ പഠന അനുഭവങ്ങളും രീതികളും ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ സ്‌കൂള്‍ എഡ്‌ടെക് കമ്പനിയായ ലീഡ് പ്രശസ്ത നടനും സംവിധായകനുമായ ആര്‍. മാധവനുമായി ചേര്‍ന്ന് വ്യക്തിത്വ വികസനത്തെക്കുറിച്ചുള്ള മാസ്റ്റര്‍ക്ലാസ് പരമ്പര ആരംഭിച്ചു. ഇതോടെ ഇന്ത്യയിലെ 400-ലധികം നഗരങ്ങളിലുള്ള ലീഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകനും വഴികാട്ടിയുമായി മാധവന്‍ മാറി. സുനില്‍ ഗവാസ്‌കര്‍, സൈന നെഹ്വാള്‍, സാനിയ മിര്‍സ തുടങ്ങിയ പ്രമുഖര്‍ മുന്‍പ് ലീഡ് മാസ്റ്റര്‍ക്ലാസുകള്‍ നയിച്ചിട്ടുണ്ട്.

പഠന അവസരങ്ങള്‍ ലഭ്യമാക്കുമ്പോള്‍ ഇന്ത്യയിലെ രണ്ടാം നിര പട്ടണങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും മെട്രോകളിലെ സമപ്രായക്കാരോടൊപ്പം എത്താന്‍ കഴിയുമെന്നും ലീഡിന്റെ മാസ്റ്റര്‍ ക്ലാസ്സിലൂടെ ചെറുപട്ടണങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍. മാധവനെപ്പോലുള്ള വ്യക്തികളില്‍ നിന്നും ഭാവിയിലേക്കുള്ള ജീവിത നൈപുണ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്നും ലീഡ് സഹ-സ്ഥാപകനും സിഇഒയുമായ സുമീത് മേത്ത പറഞ്ഞു.

ലീഡ് മാസ്റ്റര്‍ക്ലാസിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണെന്നും തന്റെ ജീവിത അനുഭവങ്ങള്‍ പങ്കുവെച്ച് യുവ മനസുകളെ പ്രചോദിപ്പിക്കാനും പ്രോല്‍സാഹിപ്പിക്കാനും ഇത് ഒരു അവസരമാണെന്നും ഇന്ത്യയിലെ സ്‌കൂളുകള്‍ ചെറുപ്പം മുതലേ വ്യക്തിത്വ വികസനം പോലുള്ള ഭാവി നൈപുണ്യങ്ങള്‍ക്ക് അടിത്തറയിടണമെന്നും ഇത് വിദ്യാര്‍ത്ഥികളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്നും ആര്‍. മാധവന്‍ പറഞ്ഞു.