പ്ലസ്ടുക്കാര്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പഠിക്കാം

Posted on: April 20, 2022

ബംഗലുര്‍ : സയന്‍സ് പഠിക്കാന്‍ ഗൗരവമായി ഉദ്ദേശിക്കുന്നുവെങ്കില്‍ ബംഗലുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ തന്നെ പഠിക്കണം. ലോക റാങ്കിംഗിലുള്ള ആദ്യ 200 സര്‍വകലാശാലകളില്‍ ഇന്ത്യയില്‍ മുന്നിലുള്ള സ്ഥാപനമാണിത്. ഇവിടുത്തെ ഡിപ്പാര്‍മെന്റുകള്‍ പലതും ഇന്‍സ്റ്റിറ്റ്യൂട്ടിനേക്കാള്‍ ഉയര്‍ന്ന സ്ഥാനം നിലനിര്‍ത്തുന്നവയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത് ജംഷഡ് ജി ടാറ്റ ആയതിനാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബംഗലൂരുവില്‍ അറിയപ്പെടുന്നത് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നാണ്. ദേശീയ റാങ്കിംഗില്‍ ഗവേഷണത്തിലും സര്‍വകലാശാലാ കാറ്റഗറിയില്‍ ഒന്നാമതും ഈ സ്ഥാപനമാണ്. ജംഷഡ് ജി ടാറ്റാ 1893ല്‍ കപ്പല്‍ യാത്രയില്‍ സ്വാമി വിവേകാനന്ദനുമായി പങ്കു വച്ച ആശയത്തില്‍ നിന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പിറവി. ഏത് രാജ്യത്തിന്റെയും പുരോഗതിക്ക് ശാസ്ത്ര സാങ്കേതിക മികവ് അനിവാര്യമാണെന്ന് മനസിലാക്കിയ ടാറ്റ, ഗവേഷണ സ്ഥാപനം തുടങ്ങുന്നതിന് കമ്മിറ്റി രൂപികരിച്ചു. ഇത് വൈസ്രോയിയായിരുന്ന കഴ്‌സണ്‍ പ്രഭുവിന് സമര്‍പ്പിച്ചു. നോബല്‍ സമ്മാന ജേതാവായ സര്‍ വില്ല്യം റാംസേയാണ് ബംഗലൂരുവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാന്‍ നിര്‍ദ്ദേശിച്ചത്. മൈസൂര്‍ മഹാരാജാവാണ് തറക്കല്ലിട്ടത്. ശാസ്ത്രവിഷയങ്ങളിലെ ഗവേഷണമായിരുന്നു ആദ്യകാലത്ത്. 2010മുതല്‍ ശാസ്ത്രവിഷയങ്ങളില്‍ ബിരുദപഠനവും തുടങ്ങി. സാങ്കേതിക വിഷയങ്ങളില്‍ ഗവേഷണവുമുണ്ട്. യു.ജി.സി ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന് കല്‍പ്പിത സര്‍വകലാശാലാ പദവി നല്‍കിയിട്ടുണ്ട്. നോബല്‍ സമ്മാന ജേതാവ് സി.വി. രാമനാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിന്റെ ഭാരതീയനായ ആദ്യ ഡയറക്ടര്‍.

45 ഡിപ്പാര്‍ട്ട്മെന്റുകള്‍ : രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഗവേഷണ സ്ഥാപനങ്ങളിളിലൊന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ്. ഇവിടെ രണ്ടായിരത്തിലേറെ ഗവേഷകര്‍ 45 ഡിപ്പാര്‍ട്ടുമെന്റുകളിലായി, ശാസ്ത്ര സാങ്കേതിക മുന്‍നിര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ ഗവേഷണവും പോസ്റ്റ്ഡോക്ടറേറ്റ് ഗവേഷണവും നടത്തുന്നു. എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദ കോഴ്‌സ് ആദ്യം ആരംഭിച്ചത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലാണ്. ഇപ്പോള്‍ 6 ഡിവിഷനുകളിലായി 45 ഡിപ്പാര്‍ട്ട്മെന്റുകളും അനവധി ഗവേഷണ സെന്ററുകളും സൊസൈറ്റികളും പ്രവര്‍ത്തിക്കുന്നു. 4200 വിദ്യാര്‍ത്ഥികളുണ്ട്. 2250 പേര്‍ ഗവേഷണം നടത്തുന്നു. അഞ്ഞൂറിലധികം അദ്ധ്യാപകരുണ്ട്. ഇന്റഗ്രേറ്റഡ് പിഎച്ച്.ഡിയുമുണ്ട്.

ബി. എസ്. (റിസര്‍ച്ച്) : 2011 മുതല്‍ ശാസ്ത്ര വിഷയങ്ങളില്‍ നാലുവര്‍ഷത്തെ ബി. എസ്. (റിസര്‍ച്ച്) കോഴ്‌സും ഇവിടെയുണ്ട്. ബയോളജി, കെമിസ്ട്രി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, മാത്തമറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളാണ് പ്രോഗ്രാമിന്റെ ഭാഗമായുള്ളത്. ഇതോടൊപ്പം എന്‍ജിനിയറിംഗ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളുമുണ്ട്. ആദ്യ മൂന്നു സെമസ്റ്ററുകളില്‍ കോര്‍ വിഷയത്തിനു പുറമെ എന്‍ജിനിയറിംഗും ഹ്യൂമാനിറ്റീസും പഠിക്കണം. നാലാം സെമസ്റ്റര്‍ മുതലാണ് ഇഷ്ട വിഷയങ്ങളിലേക്കു തിരിയുന്നത്. ഏഴും എട്ടും സെമസ്റ്ററുകളില്‍ ഗവേഷണത്തിനും പ്രോജക്ടിനുമാണ് പ്രാധാന്യം.

ലൈബ്രറിയും കമ്പ്യൂട്ടര്‍ സെന്ററും സൂപ്പര്‍
ഐ. ഐ. എസ്സിയുടെ അഭിമാനം അതിന്റെ ലൈബ്രറിയും കമ്പ്യൂട്ടര്‍ സെന്ററുമാണ്. ഇന്ത്യയിലെ ഏറ്റവും നല്ല ശാസ്ത്ര-സാങ്കേതിക ഗ്രന്ഥശാലയാണിവിടെ. പ്രധാന ലൈബ്രറിയില്‍ 411000 പ്രസിദ്ധീകരണങ്ങളുണ്ട്. 2000ലേറെ ജേണലുകളുമുണ്ട്. നാഷണല്‍ ബോര്‍ഡ് ഫോര്‍ ഹയര്‍ മാത്തമാറ്റിക്‌സ് ഈ ലൈബ്രറിയെ റീജണല്‍ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്‌സ് ആയി അംഗീകരിച്ചിട്ടുണ്ട്.

ഐ. ഐ. എസ്സിയുടെ കമ്പ്യൂട്ടര്‍ സെന്റര്‍ 1990 ല്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആയി. സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിക്കുന്നതിന് ഇന്ത്യയിലുള്ള ഒരു സ്ഥാപനമാണിത്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ സിആര്‍എവൈ എക്‌സ് സി 40 ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. അമേരിക്ക സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ നല്‍കാതിരുന്നപ്പോള്‍ പാരലല്‍ കമ്പ്യൂട്ടിംഗ് വഴി അവയ്ക്ക് തുല്യമായ പ്രവര്‍ത്തനം നടത്തിയത് ഈ സ്ഥാപനമാണ്.

സയന്‍സില്‍ കേമന്‍ : ഐ. ഐ. എസ്സി വിവിധ ഗവ. സ്ഥാപനങ്ങളായ ഡിആര്‍ഡിഒ, ഐഎസ്ആര്‍ഒ, സിഎസ്ഐആര്‍, ഭാരത് ഇലക്ട്രോണിക്‌സ്, നാഷണല്‍ എയ്റോസ്പേസ് ലാബറട്ടറീസ് തുടങ്ങിയവയുമായി സഹകരിച്ച് ഗവേഷണം നടത്തുന്നുണ്ട്. കൂടാതെ ജനറല്‍ മോട്ടോഴ്‌സ്, ഗൂഗിള്‍, ഐബിഎം, ബോയിംഗ് എന്നിവയുമായും സഹകരണമുണ്ട്. രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ സ്പേയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, വുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായും ഗവേഷണത്തില്‍ സഹകരിക്കുന്നു.

നാലുവര്‍ഷ ബാച്ച്ലര്‍ ഓഫ് സയന്‍സ്-ബി.എസ്. (റിസര്‍ച്ച്) പ്രോഗ്രാം വിഷയങ്ങള്‍ എട്ട് സെമസ്റ്റര്‍ പ്രോഗ്രാമില്‍ ബയോളജി, കെമിസ്ട്രി, എര്‍ത്ത് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സ്, മെറ്റീരിയല്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ മേജര്‍ ഡിസിപ്ലിനുകള്‍ ലഭ്യമാണ്. ആദ്യ മൂന്നു സെമസ്റ്ററുകളില്‍ എല്ലാ വിദ്യാര്‍ഥികളും ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, എന്‍ജിനിയറിങ്, ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ പഠിക്കണം. തുടര്‍ന്നുള്ള മൂന്നു സെമസ്റ്ററുകളില്‍ സ്‌പെഷ്യലൈസേഷനാണ്. ഏഴാം സെമസ്റ്ററില്‍ അഡ്വാന്‍സ്ഡ് ഇലക്ടീവ് കോഴ്‌സുകള്‍ക്കൊപ്പം ഗവേഷണ പ്രോജക്ടും ആരംഭിക്കും. അവസാന സെമസ്റ്ററില്‍ പ്രോജക്ട് പൂര്‍ത്തിയാക്കണം.

യോഗ്യത : മറ്റുവിഷയങ്ങള്‍ക്കൊപ്പം ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് മുഖ്യ വിഷയങ്ങളായി പഠിച്ച് ഫസ്റ്റ് ക്ലാസ്/60 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് നേടി (പട്ടികവിഭാഗക്കാര്‍ക്ക് പാസ് ക്ലാസ്), 10+2/തത്തുല്യ പരീക്ഷ, 2021-ല്‍ ജയിച്ചിരിക്കുകയോ 2022-ല്‍ ജയിക്കുകയോ ചെയ്തിരിക്കണം.

പ്രവേശനരീതി
പ്രവേശനത്തിനായി ഐ.ഐ.എസ്സി. പരീക്ഷയൊന്നും നടത്തുന്നില്ല. ദേശീയതലത്തിലെ നിശ്ചിത പ്രവേശനപരീക്ഷകളില്‍ യോഗ്യത നേടിയവരെയാണ് പ്രവേശനത്തിന് പരിഗണിക്കുക. നാലുചാനല്‍ വഴിയാണ് പ്രവേശനം.
1. കിഷോര്‍ വൈഗ്യാനിക് പ്രോത്സാഹന്‍ യോജന (കെ.വി.പി.വൈ.): കെ.വി.പി.വൈ ഫെലോഷിപ്പ് സ്ട്രീം, വര്‍ഷം: എസ്.എ.-2020, എസ്.എക്‌സ്.- 2021, എസ്.ബി.-2021. എസ്.സി./എസ്.ടി. എംപവര്‍മെന്റ് ഇനീഷ്യേറ്റീവ് വഴി കെ.വി.പി.വൈ. ഫെലോഷിപ്പിന് അര്‍ഹത നേടിയിരിക്കേണ്ട സ്ട്രീം, വര്‍ഷം: എസ്.എ- 2020, എസ്.എക്‌സ് – 2021
2. ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) -മെയിന്‍ 2022
3. ജെ.ഇ.ഇ (അഡ്വാന്‍സ്ഡ്) 2022
4. നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി.-2022
ഇവയിലൊന്നിലെ മികവുപരിഗണിച്ചാകും തിരഞ്ഞെടുപ്പ്. വനിതകള്‍ക്ക്, അംഗീകൃത സീറ്റിന്റെ 10 ശതമാനം അധികം സീറ്റുകള്‍ സൂപ്പര്‍ ന്യൂമററി സീറ്റുകളായി അനുവദിക്കും.

സ്‌കോളര്‍ഷിപ്പ് :  തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവേശന ചാനലിനനുസരിച്ച് കെ.വി.പി.വൈ./ ഇന്‍സ്‌പെയര്‍/ഐ.ഐ.എസ്സി. പ്രൊമോഷണല്‍ സ്‌കീം എന്നിവ വഴിയുള്ള സ്‌കോളര്‍ഷിപ്പ് അര്‍ഹതയുണ്ടാകും. മികവുള്ളവര്‍ക്ക് ഇന്ത്യന്‍, മള്‍ട്ടിനാഷണല്‍ ഏജന്‍സികള്‍/കമ്പനികള്‍, ബിസിനസ് ഹൗസുകള്‍ എന്നിവ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്. വിശദാംശങ്ങള്‍ അടങ്ങുന്ന ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ ug.iisc.ac.in/ (പ്രോസ്പെക്ടീവ് സ്റ്റുഡന്റ്‌സ് ലിങ്കില്‍) ലഭിക്കും. അപേക്ഷ ug.iisc.ac.in/ല്‍ മേയ് 31 വരെ നല്‍കാം.