അല്‍ഫോന്‍സ് ജോസഫിന്റെ ക്രോസ്‌റോഡ്‌സ് സ്‌കൂളിനു അവിഡ് ടെക്‌നോളജിയുടെ അംഗീകാരം

Posted on: April 28, 2021

കൊച്ചി : സംഗീത സംവിധായകനും പിന്നണി ഗായകനുമായ അല്‍ഫോന്‍സ് ജോസഫിന്റെ ക്രോസ്‌റോഡ്‌സ് ്കൂള്‍ ഓഫ് മ്യൂസിക് – കൊച്ചിക്ക് ഔദ്യോകിക ലേര്‍ണിംഗ് പാര്‍ട്ണറായി, ആഗോള മാധ്യമ സാങ്കേതിക ദായകരായ അവിഡ് ടെക്‌നോളജിയുടെ അംഗീകാരം.

പൂനെയില്‍ നടന്ന ചടങ്ങില്‍, അല്‍ഫോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ ക്രോസ്‌റോഡ്‌സ് ടീം, അവിഡ് മാസ്റ്റര്‍ പരിശീലകന്‍ ശ്രീധര്‍ ദേശ്പാണ്ടെയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ക്രോസ്‌റോഡ്‌സ് സ്‌കൂള്‍ ഓഫ് മ്യൂസികില്‍ നിന്നും മ്യൂസിക് പ്രൊഡക്ഷന്‍ കോഴ്‌സ് പൂത്തിയാക്കുന്നവര്‍ക്ക് അവിഡ് സാക്ഷ്യപ്പെടുത്തുന്ന അംഗീകാരം ലഭിക്കും. സിനിമ, ടെലിവിഷന്‍, സംഗീത മേഖലകളിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെയും ആയിരക്കണക്കിന് മാധ്യമ സംരംഭങ്ങളെയും തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയും ടൂള്‍സിലൂടെയും ശാക്തീകരിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയാണ് അവിഡ് ടെക്‌നോളജീസ്.

ആഗോള സംഗീത സാങ്കേതികവിദ്യയില്‍ സുവര്‍ണനിലവാരമായി നിലകൊള്ളുന്ന അവിഡ് ടെക്‌നോളജീസുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നു അല്‍ഫോന്‍സ് ജോസഫ് പറഞ്ഞു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും വിവിധ സംഗീത ശ്രേണികളിലും വാദ്യസംഗീതത്തിലും അഭ്യസനം പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പഠനം കഴിഞ്ഞിറങ്ങുന്നവരില്‍, സിനിമ സംഗീത മേഖലയില്‍ ചുവടുറപ്പിച്ച്, ജീവിതമാര്‍ഗം കണ്ടെത്തുന്നവര്‍ കുറവാണ് . ഈ മേഖലയില്‍ നിലനില്ക്കാന്‍ കേവല സംഗീത അഭിരുചിക്കപ്പുറം, വ്യക്തമായ സാങ്കേതിക അറിവ്, വ്യാവസായിക തലത്തില്‍ സംഗീതത്തെകുറിച്ചുള്ള അടിസ്ഥാന വിവരം, കണ്ടംപററി സംഗീതത്തിലെ നൂതന ശൈലികള്‍ എന്നിവയിലുള്ള പ്രാഗല്‍ഭ്യവും അനിവാര്യമാണ്. അല്‍ഫോന്‍സ് ജോസഫ് പറയുന്നു.

ക്രോസ്സ്റോഡ്‌സ് സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ഗ്ലോബല്‍ മ്യൂസിക്ക് പ്രൊഡക്ഷന്‍ എന്ന പേരില്‍ ഒന്നര വര്‍ഷം നീണ്ട് നില്ക്കുന്ന പാഠ്യപദ്ധതിയുണ്ട് . ആദ്യ സെമസ്റ്ററില്‍ ഇന്ത്യന്‍ സംഗീതത്തെ കുറിച്ചുള്ള വിശദമായ തിയറി പഠനത്തിനൊപ്പം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സംഗീത അടിത്തറ ഉറപ്പിക്കുന്നതിനായി പിയാനോ, ഡ്രംസ് എന്നിവയിലും ഏതെങ്കിലും ഒരു തന്ത്രിവാദ്യത്തിലും പരിശീലനം നല്കുന്നു. രണ്ടാം സെമസ്റ്ററില്‍ സംഗീതത്തിന്റെ സാങ്കേതിക വശങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഊന്നല്‍ നല്കുന്നു. സംഗീത നിര്‍മാണത്തിന് പ്രാമുഖ്യം നല്കുന്ന സിലബസാണ് മൂന്നാം സെമസ്റ്ററില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

എറണാകുളം പത്തടിപ്പാലത്തുള്ള പ്രധാന കാമ്പസിലും, പനമ്പിള്ളി നഗറിലുള്ള പുതിയ കാമ്പസിലുമായി, അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പരിശീലനം നടത്തുന്നുണ്ട് . ഇന്ത്യന്‍, പാശ്ചാത്യ സംഗീത മേഖലകളിലെ സംഗീത കോഴ്‌സുകള്‍, അനുബന്ധ പഠനങ്ങള്‍, വാദ്യ സംഗീത പരിശീലനം എന്നിവയ്‌ക്കൊപ്പം, പ്രൊഫഷണല്‍ സെര്‍ട്ടിഫിക്കേഷന്‍ ഇന്‍ ഗ്ലോബല്‍ മ്യൂസിക് എന്ന വ്യാവസായിക- തല സംഗീത നിര്‍മാണ പരിശീലനവും ഇ-സ്യൂട്ട് – അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ മ്യൂസിക് ഇ-ലേണിംഗ്, കിന്‍ഡര്‍ മ്യൂസിക് ലാന്‍ഡ് – ഏഷ്യയിലെ ആദ്യത്തെ പ്രീ -സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംഗീത പാഠ്യപദ്ധതി എന്നിവയും, സി. ആര്‍. എസ്. എം. പ്രദാനം ചെയ്യുന്നു.

TAGS: Avid Technology |