പുതിയ ഓണ്‍ലൈന്‍ രൂപത്തില്‍ ടാറ്റ ക്രൂസിബിള്‍ കാംപസ് ക്വിസ് 2021 രജിസ്‌ട്രേഷന്‍ ഫെബ്രുവരി രണ്ടു വരെ

Posted on: January 6, 2021

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കാംപസ് ബിസിനസ് ക്വിസ് മത്സരമായ ടാറ്റ ക്രൂസിബിള്‍ കാംപസ് ക്വിസിന്റെ പതിനേഴാമത് എഡിഷന്‍ ഓണ്‍ലൈന്‍ രൂപത്തില്‍ അവതരിപ്പിക്കുന്നു. ഫെബ്രുവരി രണ്ടുവരെ രജിസ്‌ട്രേഷന്‍ നടത്താം. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അറിവ് പ്രകടിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനായി ടാറ്റ ഗ്രൂപ്പ് എല്ലാ വര്‍ഷവും ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ക്വിസ് മത്സരമാണ് ടാറ്റ ക്രൂസിബിള്‍ കാംപസ് ക്വിസ്.

മഹാമാരിയുടെ ഈ കാലഘട്ടത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലാണ് ടാറ്റ ക്രൂസിബിള്‍ കാംപസ് ക്വിസ് നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്ത് ടീമായല്ലാതെ വ്യക്തിഗതമായി മത്സരിക്കാനാണ് ഇക്കുറി അവസരം.

രാജ്യമാകെ 24 ക്ലസ്റ്ററുകളായി തിരിച്ചാണ് മത്സരം. രണ്ടു തലത്തിലുള്ള ഓണ്‍ലൈന്‍ പ്രിലിംസിനുശേഷം ഓരോ ക്ലസ്റ്ററുകളില്‍ നിന്നുമുള്ള 12 ഫൈനലിസ്റ്റുകള്‍ വൈല്‍ഡ്കാര്‍ഡ് ഫൈനലില്‍ മത്സരിക്കും. ഇതില്‍ ആദ്യമെത്തുന്ന ആറ് ഫൈനലിസ്റ്റുകള്‍ക്ക് 24 ഓണ്‍ലൈന്‍ ക്ലസ്റ്റര്‍ ഫൈനലില്‍ മത്സരിക്കാം. ഈ 24 ക്ലസ്റ്ററുകളെ വീണ്ടും സൗത്ത്, ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത് സോണുകളായി തിരിക്കും. ഓരോ സോണിലും ആറ് ക്ലസ്റ്ററുകളുണ്ടായിരിക്കും.

ക്ലസ്റ്റര്‍ ഫൈനലില്‍ ജയിക്കുന്നവര്‍ക്ക് സോണല്‍ മത്സരങ്ങളില്‍ പങ്കെടുക്കാം. വിജയികള്‍ക്കും രണ്ടാമതെത്തുന്നവര്‍ക്കും ക്ലസ്റ്റര്‍ ഫൈനലില്‍ യഥാക്രമം 35,000 രൂപയും 18,000 രൂപയും സമ്മാനമായി നേടാം. നാല് സോണല്‍ ഫൈനല്‍ മത്സരങ്ങളിലെ വിജയികള്‍ക്ക് നേരിട്ട് നാഷണല്‍ ഫൈനലില്‍ പങ്കെടുക്കാം. നാല് സോണല്‍ ഫൈനലുകളിലെ റണ്ണേഴ്‌സ് അപ്പിന് വൈല്‍ഡ് കാര്‍ഡ് ഫൈനലില്‍ മത്സരിക്കുകയും നാല് റണ്ണേഴ്‌സ് അപ്പില്‍ രണ്ട് പേര്‍ക്ക് നാഷണല്‍ ഫൈനലില്‍ പങ്കെടുക്കുകയും ചെയ്യാം. ആറ് ഫൈനലിസ്റ്റുകള്‍ നാഷണല്‍ ഫൈനലില്‍ മത്സരിക്കും. ഏറ്റവും മുന്നിലെത്തുന്നയാളെ നാഷണല്‍ ചാമ്പ്യനായി തെരഞ്ഞെടുക്കും. രണ്ടര ലക്ഷം രൂപയും ടാറ്റ ക്രൂസിബിള്‍ ട്രോഫിയുമാണ് ചാമ്പ്യന് ലഭിക്കുന്ന സമ്മാനം.

ടാറ്റ ക്രൂസിബിള്‍ കാംപസ് ക്വിസ് അറിവിന്റെ ആഘോഷമാണെന്നും ക്വിസിംഗ് കഴിവുകള്‍ തെളിയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന അവസരമാണെന്നും ടാറ്റ സര്‍വീസസ് കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് അതുല്‍ അഗര്‍വാള്‍ പറഞ്ഞു. മത്സരം ഓണ്‍ലൈന്‍ രൂപത്തില്‍ ആയതിനാല്‍ രാജ്യത്തിന്റെ വിദൂരസ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്കു പോലും പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഭാവിക്കായി തയാറെടുക്കുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി വെല്ലുവിളി നിറഞ്ഞ ഓണ്‍ലൈന്‍ രൂപം ആകര്‍ഷകമായ പ്ലാറ്റ്‌ഫോമാണ് ഒരുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പിക്ക്‌ബ്രെയിന്‍ എന്നറിയപ്പെടുന്ന പ്രമുഖ ക്വിസ് മാസ്റ്റര്‍ ഗിരി ബാലസുബ്രമണ്യം ആണ് ക്വിസ്മാസ്റ്റര്‍. മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്കുന്നത് ടാറ്റ ക്ലിക് ആണ്. രജിസ്റ്റര്‍ ചെയ്യുന്നതിനും നിയമാവലികളും യോഗ്യതയും മറ്റു വിവരങ്ങളും അറിയുന്നതിനും www.tatacrucible.com സന്ദര്‍ശിക്കുക.