വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റം അനിവാര്യം: ഡോ. കസ്തൂരിരംഗന്‍

Posted on: December 22, 2020

കൊച്ചി : ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി) നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയരുമെന്ന് ഐ.എസ്.ആര്‍. മുന്‍ ചെയര്‍മാനും ദേശീയ വിദ്യാഭ്യാസ നയരൂപീകരണ സമിതിയുടെ അധ്യക്ഷനുമായിരുന്ന ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗന്‍. രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് എന്‍.ഇ.പി തുടക്കം കുറയ്ക്കുമെന്നും കാലത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് വിദ്യാഭ്യാസ രീതികളും മാറണമെന്നും അദ്ദേഹം പറഞ്ഞു. എസ്സ്.ആര്‍.വി സ്‌കൂളിലെ പഠനം ഔദ്യോഗിക ജീവിതത്തില്‍ ഏറെ പ്രയോജനം ചെയ്തെന്നും ഇത്രയും നേട്ടങ്ങള്‍ സാധ്യമായത് എസ് .ആര്‍.വിയിലെ പഠനാനുഭവങ്ങളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം എസ്.ആര്‍.വി സ്‌കൂളിന്റെ ശതോത്തര പ്ലാറ്റിനംജൂബിലിയുടെയും ആഗോള സംഗമത്തിന്റെയും രണ്ടാം ദിനത്തിലെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വെര്‍ച്വല്‍ മീറ്റിംഗിലൂടെ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എസ്.ആര്‍. വി സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ കേരളത്തിനും രാജ്യത്തിനും അഭിമാനകരമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയത് സ്‌കൂളിന്റെ പഠന നിലവാരവും ഔന്നത്യവും സൂചിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. രാജ്യത്തെ തന്നെ മാതൃകാ വിദ്യാലയങ്ങളില്‍ ഒന്നാണ് എസ്.ആര്‍. വി സ്‌കൂളെന്ന് അദ്ദേഹം പറഞ്ഞു. എസ് . ആര്‍.വി എച്ച്.എസ് പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റും കൃഷ്ണ ഹോസ്പിറ്റല്‍ ചെയര്‍മാനുമായ ഡോ.എ.കെ. സഭാപതി അധ്യക്ഷത വഹിച്ചു. എസ്.ആര്‍.വി.എച്ച്.എസ് പൂര്‍വവിദ്യാര്‍ഥി സംഘടനാ ചെയര്‍മാനും ആസാദി ചെയര്‍മാനും ഡയറക്ടറുമായ പ്രൊഫ. ബി.ആര്‍. അജിത്, എസ്.ആര്‍.വി ഗ്ലോബല്‍ മീറ്റ് അസിസ്റ്റന്റ് വൈസ് ചെയര്‍മാന്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

സമാപന സമ്മേളനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ മീറ്റിംഗിലൂടെ ഉദ്ഘാടനം ചെയ്യും.

 

TAGS: SRV School |